ലോകാരോഗ്യ സംഘടന അംഗീകരിച്ച ആരോഗ്യ നഗരങ്ങൾ കൂടുതൽ സൗദിയിൽ
text_fieldsമദീന
യാംബു: ആരോഗ്യ നഗരങ്ങളിൽ മുന്നേറി സൗദി അറേബ്യ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (ഡബ്ല്യു.എച്ച്.ഒ) ഏറ്റവും പുതിയ ലോകാരോഗ്യ റിപ്പോർട്ട് പ്രകാരം വടക്കേ ആഫ്രിക്കൻ-കിഴക്കൻ മെഡിറ്ററേനിയൻ (മെന) മേഖലയിലെ 16 ആരോഗ്യ നഗരങ്ങൾ സൗദിയിലാണ്. ഇതിൽ ജിദ്ദയെയും മദീനയെയും മെഗാ ഹെൽത്തി സിറ്റികളായി ലോകാരോഗ്യ സംഘടന നാമനിർദേശം ചെയ്തിട്ടുമുണ്ട്.
ആരോഗ്യ മേഖലയിൽ സൗദി കൈവരിച്ച നേട്ടങ്ങളുടെ നാഴികക്കല്ലായി ഇത് അടയാളപ്പെടുന്നു. മന്ത്രാലയത്തിന്റെ ആരോഗ്യ നഗര പദ്ധതിയുടെയും സൗദി മിനിസ്ട്രിലെവൽ കമ്മിറ്റി ഫോർ ഹെൽത്ത് ഇൻ ഓൾ പോളിസികളുടെയും ശ്രമങ്ങളെയും വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനത്തെയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയർത്തുന്ന സുസ്ഥിര ആരോഗ്യകരമായ അന്തരീക്ഷം കെട്ടിപ്പടുക്കാനും രാജ്യത്തിനായി.
ജിദ്ദ
മനുഷ്യാരോഗ്യത്തെ നഗരവികസനത്തിന്റെ അടിത്തറയാക്കുന്നതിലും പ്രതിരോധ തത്വം ശക്തിപ്പെടുത്തുന്നതിലും സൗദിയുടെ പ്രതിബദ്ധതയാണ് മേഖലയിലെ നേട്ടം പ്രതിഫലിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജൽ പറഞ്ഞു. ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽപെട്ട രണ്ട് പ്രധാന സംരംഭങ്ങളായ ജീവിത നിലവാര പരിപാടിക്കും ആരോഗ്യ മേഖല പരിവർത്തന പരിപാടിക്കും ഈ നേട്ടം അടിവരയിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യകരമായ നഗര അംഗീകാരം നേടുന്നതിന് ഒമ്പത് പ്രധാന മേഖലകളിലായി 80 അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ആരോഗ്യത്തിനും വികസനത്തിനുമുള്ള കമ്യൂണിറ്റി മൊബിലൈസേഷൻ; മേഖല സഹകരണവും പങ്കാളിത്തവും; കമ്യൂണിറ്റി അധിഷ്ഠിത വിവര കേന്ദ്രം; നൈപുണ്യ വികസനവും ശേഷി വികസനവും; ആരോഗ്യ വികസനം; നഗര പരിസ്ഥിതി (ജലം, ശുചിത്വം, ഭക്ഷ്യ സുരക്ഷ, വായു മലിനീകരണം); അടിയന്തര തയാറെടുപ്പും പ്രതികരണവും; വിദ്യാഭ്യാസവും സാക്ഷരതയും; മൈക്രോ ക്രെഡിറ്റ് പ്രവർത്തനങ്ങൾ എന്നിവയാണവ. ഇവ പാലിക്കാൻ സൗദി പരമാവധി ശ്രമിച്ചതും വലിയ നേട്ടത്തിന് വഴിവെച്ചു. ആരോഗ്യം, ക്ഷേമം, ജീവിത നിലവാരം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സൗദി നടത്തുന്ന സുസ്ഥിര നിക്ഷേപത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

