കൂടുതൽ കോവിഡ് വാക്സിൻ എത്തിക്കും –ആരോഗ്യമന്ത്രി
text_fieldsജിദ്ദ: വരും നാളുകളിൽ ലോകത്തെ വിവിധ സ്രോതസ്സുകളിൽനിന്ന് പരമാവധി കോവിഡ് വാക്സിനുകൾ വലിയ അളവിൽ രാജ്യത്ത് എത്തിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. മക്കയിൽ നടക്കുന്ന ഹജ്ജ്, ഉംറ സിസർച്ച് ഫോറത്തിൽ സംസാരിക്കവെയാണ് വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത്.
ഡിസംബർ 17 നാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. വാക്സിനേഷന് തുടക്കം കുറിച്ച് ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി മാറാൻ സൗദി അറേബ്യക്കായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് ആഴ്ചക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായത് ആരോഗ്യമന്ത്രാലയം മനസ്സിലാക്കിയിട്ടുണ്ട്. രോഗവ്യാപനം വർധിക്കാതിരിക്കാൻ പരമാവധി പ്രവർത്തനങ്ങൾ നടത്തുകയാണ്. മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിലെ ചില നിസ്സംഗതകളും അലംഭാവങ്ങളും ശ്രദ്ധയിൽപ്പെട്ട ഉടനെ വിവിധ വകുപ്പുകളുമായി സഹകരിച്ച് അവ കർശനമായി പാലിക്കാൻ നടപടി സ്വീകരിച്ചു. സൗദിയിലെ ആരോഗ്യ സംവിധാനങ്ങളും സൗകര്യങ്ങളും മുമ്പുള്ളതിനേക്കാൾ വർധിച്ചിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ എണ്ണം 60 ശതമാം കണ്ട് വർധിപ്പിച്ചിട്ടുണ്ട്. വർധിപ്പിച്ച കിടക്കകളുടെ എണ്ണം 13,000 ആയി. കോവിഡ് പരിശോധനക്ക് വിപുലമായ സൗകര്യങ്ങളോടെ ധാരാളം കേന്ദ്രങ്ങൾ രാജ്യത്തൊട്ടാകെ ഒരുക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 230ലധികം 'തത്മൻ'ക്ലിനിക്കുകളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജുമുഅ പ്രസംഗ വിഷയം 'കോവിഡ്'
ജിദ്ദ: വെള്ളിയാഴ്ച ജുമുഅ പ്രസംഗം കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചായിരിക്കണമെന്ന് നിർദേശം. മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ഇതുസംബന്ധിച്ച വിജ്ഞാപനം എല്ലാ മസ്ജിദുകളിലേക്കും അയച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പള്ളികളിലുൾപ്പെടെ ശക്തമായ നിയന്ത്രണം നടപ്പാക്കുകയാണ്.ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ച കോവിഡ് മുൻകരുതൽ നടപടികൾ നിർബന്ധമായി പാലിക്കാൻ പള്ളികളിലെത്തുന്നവരെ ഉദ്ബോധിപ്പിക്കാൻ വിവിധ മേഖലകളിലെ പള്ളി ഇമാമുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളികളിൽ നിലവിലുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ തുടരാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

