വിഷയ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി സമീക്ഷ പ്രതിമാസ വായന
text_fieldsജിദ്ദയിലെ സമീക്ഷ സാഹിത്യവേദിയുടെ പ്രതിമാസ വായന പരിപാടി നൂറുന്നിസ ബാവ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വായനയനുഭവം പങ്കുവെക്കുന്ന സമീക്ഷ സാഹിത്യവേദിയുടെ പ്രതിമാസ വായന പരിപാടി വിഷയവൈവിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമായി. എം.പി. വീരേന്ദ്രകുമാറിെൻറ 'ഹൈമവത ഭൂവിൽ' എന്ന ഗ്രന്ഥത്തിെൻറ വായനയനുഭവം പങ്കുെവച്ച് നൂറുന്നിസ ബാവ ഉദ്ഘാടനം ചെയ്തു. ഹിമാലയ സാനുക്കളിലൂടെയുള്ള ഒരു സഞ്ചാരിയുടെ യാത്രാനുഭവവിവരണം എന്നതിനപ്പുറം ഭാരതത്തിെൻറ സാംസ്കാരിക വൈവിധ്യങ്ങളിലേക്കും ധന്യമായ സാഹിത്യചരിത്ര പൈതൃകങ്ങളിലേക്കും ഐതിഹ്യ സമൃദ്ധികളിലേക്കും വെളിച്ചം വീശുന്ന ഒരു കൃതി എന്ന നിലയിൽ പുസ്തകം ഗൗരവമാർന്ന വായന ആവശ്യപ്പെടുെന്നന്ന് പുസ്തകത്തിൽനിന്നും ഉദാഹരണങ്ങളുദ്ധരിച്ചുകൊണ്ട് അവർ ഓർമപ്പെടുത്തി.
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 'ഒളിവുകാല സ്മൃതികൾ' റഫീഖ് പത്തനാപുരം സദസ്സിന് പരിചയപ്പെടുത്തി. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ കയ്യൂർ-മൊറാഴ സമരങ്ങളെത്തുടർന്നും പിന്നീട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1948ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനെത്തുടർന്നും ഒളിവിൽ പോകേണ്ടിവന്ന നായനാരുടെ ഒളിവുകാലത്തെ സാഹസികവും ത്യാഗപൂർണവുമായ ജീവിതാനുഭവങ്ങൾ സദസ്സ് ആവേശപൂർവം കേട്ടിരുന്നു.
ചലച്ചിത്ര സംവിധായകൻ കമലിെൻറ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ഓർമച്ചിത്രം' എന്ന ഗ്രന്ഥം ഷാജു അത്താണിക്കൽ, ഒ. ഹെൻട്രിയുടെ പ്രസിദ്ധമായ 'അവസാനത്തെ ഇല' (ദ ലാസ്റ്റ് ലീഫ്) എന്ന കഥ കിസ്മത്ത് മമ്പാട്, വഹീദ് സമാൻ എഴുതിയ 'ശലഭങ്ങളുടെ അഗ്നി സൽക്കാരം' എന്ന നോവൽ കൊമ്പൻ മൂസ, സുഭാഷ് ചന്ദ്രെൻറ 'സമുദ്രശില'യുടെ വായനയനുഭവം ഫൈസൽ മമ്പാട്, ഇന്നസെൻറിെൻറ 'ചിരിക്കു പിന്നിൽ' എന്ന നർമമധുരവും ജീവിതം തുടിക്കുന്നതുമായ ആത്മകഥ സന്തോഷ്, ബിൽ ബ്രൈസൻ എഴുതിയ 'ദ ബോഡി, എ ഗൈഡ് ലൈൻ ടു ദ ഒക്യുപൻറ്' എന്ന പുസ്തകം അസൈൻ ഇല്ലിക്കൽ എന്നിവർ സദസ്സിന് പരിചയപ്പെടുത്തി.
കവി സച്ചിദാനന്ദന് 75ാം ജന്മദിനാശംസകൾ നേർന്ന് സംസാരിച്ച ഹംസ മദാരി അദ്ദേഹത്തിെൻറ കവിതകളും നിലപാടുകളും സാഹിത്യസാംസ്കാരിക പ്രവർത്തനങ്ങളും മലയാളിയുടെ സർഗമണ്ഡലത്തെ എപ്രകാരം സജീവമാക്കുന്നു എന്നു വിലയിരുത്തി. ലക്ഷദ്വീപ് നിവാസികൾക്കെതിരെ കേന്ദ്രസർക്കാർ തുടരുന്ന ഫാഷിസ്റ്റ് നയസമീപനങ്ങൾക്കെതിരെയുള്ള സമീക്ഷയുടെ പ്രതിഷേധ പ്രമേയം റഫീഖ് പത്തനാപുരം അവതരിപ്പിച്ചു. രാജീവ് നായർ, അനുപമ, ബിജു, സാദത്ത്, ഷറഫുദ്ദീൻ, സാജു, അബ്ദുൽ കരീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

