കള്ളപ്പണ കേസ്: 12 പ്രതികൾക്ക് 60 വർഷം തടവും എട്ട് ദശലക്ഷം റിയാൽ പിഴയും
text_fieldsഅർശദ് അലി
ദമ്മാം: കള്ളപ്പണമിടപാടിൽ പിടിയിലായ 12 അംഗ സംഘത്തിനെതിരെ കോടതി വിധി. 60 വർഷം തടവും എട്ട് ദശലക്ഷം റിയാൽ പിഴയുമാണ് ശിക്ഷാവിധിയായി പ്രത്യേക കോടതി ഉത്തരവിട്ടത്. അന്താരാഷ്ട്ര ബന്ധമുള്ള സംഘം 593 ദശലക്ഷം റിയാലോളം നിയമവിരുദ്ധമായി പണമിടപാട് നടത്തിയെന്നാണ് കേസ്. ഒരു സ്വദേശി വനിത, അവരുടെ സഹോദരൻ, രണ്ട് സ്വദേശി പൗരന്മാർ, എട്ട് വിദേശികൾ എന്നിവരടങ്ങിയ 12 അംഗ സംഘമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ പിടിയിലായത്.
പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ 14 ലക്ഷം റിയാൽ അധികൃതർ കണ്ടുകെട്ടി. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ പണമിടപാടിന് ഉപയോഗിച്ച വസ്തുക്കളും കസ്റ്റഡിയിൽ എടുത്തു. അനധികൃതമായി സൂക്ഷിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ രാജ്യത്തെ തദ്ദേശീയ ബാങ്കുകളിലും അനധികൃതമായി പണം സൂക്ഷിച്ചതായാണ് വിവരം. കള്ളപ്പണമിടപാടിെൻറ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ പണം തിരിച്ചെത്തിക്കാനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു ഓപറേഷന്.
വ്യാജ സ്വകാര്യ കമ്പനിയുണ്ടെന്ന് രേഖാമൂലം സ്ഥാപിക്കുകയും ആ കമ്പനിയുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിടപാട് നടത്തുകയുമായിരുന്നു സംഘത്തിെൻറ രീതി. ഈ ബാങ്ക് അക്കൗണ്ടുകളിലേക്ക്, അന്താരാഷ്ട്ര ബന്ധമുള്ള വിദേശികളെ ഉപയോഗിച്ചാണ് മുഖ്യമായും പണം ഒഴുക്കിയിരുന്നത്.
ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണത്തിലാണ് അത്തരമൊരു സ്ഥാപനം ഇല്ലെന്ന് ബോധ്യപ്പെട്ടത്.
പിന്നീട്, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ കേസിൽ പഴുതടച്ച അന്വേഷണത്തിനൊടുവിൽ സംഘം വലയിലാവുകയായിരുന്നു. 593 ദശലക്ഷം റിയാലോളമാണ് ഇത്തരത്തിൽ ഈ അക്കൗണ്ട് വഴി ക്രയവിക്രയം നടത്തിയതെന്നാണ് പ്രോസിക്യൂഷെൻറ വാദം.
കോടതിയിൽ പ്രോസിക്യൂഷൻ നിരത്തിയ തികച്ചും സുതാര്യമായ തെളിവുകൾ മുന്നിൽ വെച്ചാണ് കോടതിവിധി. നടപടിക്രമങ്ങൾക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

