പുണ്യപ്രവർത്തനങ്ങൾ ചെയ്ത് റമദാനിനെ വരവേൽക്കണം -മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ
text_fieldsജിദ്ദ എസ്.ഐ.സി സംഘടിപ്പിച്ച പരിപാടിയിൽ മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ പ്രഭാഷണം നടത്തുന്നു
ജിദ്ദ: ലോകം സൃഷ്ടിക്കപ്പെട്ടത് മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ട് ആണെന്നും ഇതിൽ റജബ് മാസം ഏറെ പവിത്രതയുള്ളതാണെന്നും മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ പറഞ്ഞു. റജബ്, ശഅബാൻ മാസങ്ങളിൽ ഐച്ഛിക നമസ്കാരങ്ങളും നോമ്പും എടുത്ത് പുണ്യ റമദാനിനെ വരവേൽക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'റജബ് സന്ദേശം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റജബ് മാസത്തിൽ പ്രവാചകൻ ധാരാളം നോമ്പ് എടുത്തിരുന്നു. പ്രവാചകന്റെയും അനുചരന്മാരുടെയും പാത പിൻപറ്റിയ മുൻഗാമികളും പുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് റമദാനിനെ വരവേറ്റിരുന്നത്. റജബ് മാസം വിത്ത് വിതക്കാനും ശഅബാൻ അത് നനക്കാനും റമദാൻ വിളവെടുക്കാനും ഉള്ളതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ബഗ്ദാദിയ്യ എസ്.ഐ.സി ഹാളിൽ നടന്ന പരിപാടി സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി ഉദ്ഘാടനം ചെയ്തു.
അസീസ് പറപ്പൂർ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി ജിദ്ദ ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും അഷ്റഫ് ദാരിമി മണ്ണാർക്കാട് നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം മക്കയിൽ മരിച്ച അബ്ബാസ് ഫൈസി കാളമ്പാടി, മതപ്രഭാഷകൻ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരെ പരിപാടിയിൽ അനുസ്മരിക്കുകയും അവർക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. മുസ്തഫ ഫൈസി ചേറൂർ, സുഹൈൽ ഹുദവി, അഹ്മദ് റഹ്മാനി, അഹ്മദ് കുട്ടി കോഡൂർ, അബ്ദുൽ അസീസ് പുന്നപ്പാല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

