മുഹമ്മദ് ബിൻ സൽമാൻ അവാർഡ് ലോഞ്ച് ചെയ്തു
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാൻ അവാർഡിന്റെ ലോഞ്ചിങ് സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ
നിർവഹിക്കുന്നു
റിയാദ്: സൗദിയും ചൈനയും തമ്മിലെ സാംസ്കാരിക സഹകരണത്തിനുള്ള ‘അമീർ മുഹമ്മദ് ബിൻ സൽമാൻ അവാർഡ്’ സൗദി സാംസ്കാരിക മന്ത്രാലയം ലോഞ്ച് ചെയ്തു. പീക്കിങ് യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി ശാഖയിൽ അവാർഡ് പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണിത്.
ചടങ്ങിൽ സൗദിയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ, പീക്കിങ് സർവകലാശാലയിലെ ഡീൻമാർ, പ്രഫസർമാർ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ അക്കാദമിക് വിദഗ്ധർ സന്നിഹിതരായിരുന്നു. സാംസ്കാരിക സഹകരണത്തിന് ഇങ്ങനെയൊരു അവാർഡ് ആരംഭിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ സാംസ്കാരിക മന്ത്രി പറഞ്ഞു.
സാംസ്കാരികവും വിജ്ഞാനപ്രദവുമായ ആശയവിനിമയത്തിന്റെ ആഴമേറിയ ചരിത്രമുള്ള ലോകത്തിലെ ജനങ്ങളുമായി, പ്രത്യേകിച്ച് ചൈനീസ് ജനതയുമായി സാംസ്കാരിക ആശയവിനിമയത്തിലുള്ള സൗദിയുടെ താൽപര്യം ഇത് സ്ഥിരീകരിക്കുന്നു.
‘വിഷൻ 2030’ഉം ചൈനീസ് പരിഷ്കരണവും വലിയ അവസരങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി ഊന്നിപ്പറഞ്ഞു. കൂടുതൽ സാംസ്കാരിക ഐക്യം കൈവരിക്കാൻ നമുക്ക് ഒരുമിച്ച് നിക്ഷേപിക്കാം.
അഭിലാഷങ്ങൾ പങ്കിടുകയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംസ്കാരത്തിന് അടിസ്ഥാനപരമായ പങ്ക് നൽകുകയും ചെയ്യുന്ന രണ്ട് നാഗരിക ദർശനങ്ങൾ തമ്മിലെ കൂടിക്കാഴ്ചയിലാണ് ഈ അവാർഡ് വരുന്നതെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
സൗദി അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്ത് നിന്നുവരുന്ന ഈ അവാർഡ് ‘അറിവിന്റെ പാത’ നിർമിക്കാൻ ആഗ്രഹിക്കുന്നു. ചരിത്രപരമായ സാംസ്കാരിക മൂല്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിനെ പുതിയ ചക്രവാളങ്ങളിലേക്ക് കൊണ്ടുപോകുകയും രണ്ട് ജനവിഭാഗങ്ങൾക്കിടയിൽ ഉറച്ച പാലങ്ങൾ നിർമിക്കുന്നതിൽ അതിന്റെ പ്രധാന പങ്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

