5000 കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും സൈക്കിളിലൊരു ഹാജി
text_fieldsമുഹമ്മദ് ഫൗസാൻ
ജിദ്ദ: ഇന്തോനേഷ്യയിൽനിന്ന് അയ്യായിരത്തോളം കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ച് ഹജ്ജ് നിർവഹിക്കാനെത്തിയിരിക്കുകയാണ് മുഹമ്മദ് ഫൗസാൻ. 2021 നവംബർ നാലിന് ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ മഗെലാങ്ങിൽനിന്ന് യാത്രതിരിച്ച ഈ യുവാവ് ഏഴര മാസത്തിലധികമെടുത്തു മക്കയിലെത്താൻ.
ഇന്തോനേഷ്യയിൽനിന്ന് കൊണ്ടുവന്ന പരമ്പരാഗത ഔഷധസസ്യങ്ങൾ വഴിയിലുടനീളം വിറ്റ് യാത്രാച്ചെലവുകൾക്കായി പണം കണ്ടെത്തി. കിഴക്കൻ ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവിസി പ്രവിശ്യയിലെ മകാസർ സർവകലാശാലയിൽനിന്ന് അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും ബിരുദം നേടിയശേഷം ഫൗസാൻ മതം, ഖുർആൻ മനഃപാഠം എന്നീ വിഷയങ്ങളിലെ അധ്യാപകനായി ജോലിചെയ്യുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ഈ യുവാവ് മലംഗിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് വ്യക്തിഗത സ്റ്റാറ്റസ് അഫയേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബിരുദദാന ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് ജന്മനാട്ടിൽനിന്ന് യാത്രതിരിച്ചത്. ഇന്തോനേഷ്യയിൽനിന്നുള്ള മറ്റ് തീർഥാടകരോടൊപ്പം അദ്ദേഹം ഈ വർഷത്തെ ഹജ്ജ് നിർവഹിക്കും. ഇതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൗസാൻ പറഞ്ഞു. ജിദ്ദയിലെ ഇന്തോനേഷ്യൻ ഹജ്ജ് മിഷൻ ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിൽ ഹജ്ജിന് വേണ്ടി രജിസ്റ്റർ ചെയ്തതിന് ശേഷം ഊഴത്തിനായി ഏകദേശം 40 വർഷം വരെയൊക്കെ കാത്തിരിക്കേണ്ടിവരാറുണ്ടെന്ന് യുവാവ് പറയുന്നു. എന്നാൽ, ഹജ്ജ് നിർവഹിക്കാൻ താൻ അക്ഷമനായിരുന്നുവെന്നും അധ്യാപകനെന്നനിലയിൽ തന്റെ ശമ്പളത്തിൽനിന്ന് പണം ലാഭിച്ച് ഒരുക്കം ആരംഭിക്കുകയും സൈക്കിളിൽ യാത്ര പുറപ്പെടുകയുമായിരുന്നു. ഹജ്ജ് നിർവഹിക്കുകയും ഇസ്ലാമിലെ മൂന്ന് വിശുദ്ധ മസ്ജിദുകൾ സന്ദർശിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സൈക്കിളിൽ യാത്ര ചെയ്ത് പ്രയാസകരമായ ദൗത്യം പൂർത്തിയാക്കുക അസാധ്യമായിരിക്കുമെന്ന് പലരും പറഞ്ഞിരുന്നതാണ്. എന്നാൽ, സാധാരണക്കാർ അസാധ്യമെന്ന് കരുതുന്നകാര്യങ്ങൾ സർവശക്തനായ ദൈവം എളുപ്പമാക്കിത്തരുമെന്നതിന്റെ നല്ല ഉദാഹരണമാണ് തന്റെ യാത്രയെന്നും ആത്മാർഥമായ
പ്രാർഥന ഉണ്ടെങ്കിൽ അസാധ്യമെന്ന് തോന്നുന്നതെന്തും സാധ്യമാക്കാനാവുമെന്നും മുഹമ്മദ് ഫൗസാൻ പറയുന്നു.