മോദി ഭരണകാലം ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ നഷ്ടപ്പെടുന്ന കാലമായി -ആദം മുൽസി
text_fieldsഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം കോൺഗ്രസ് നേതാവ് ആദം മുൽസി ഉദ്ഘാടനം ചെയ്യുന്നു.
റിയാദ്: മോദി സർക്കാരിന്റെ ഭരണകാലം ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ നഷ്ടപ്പെടുന്ന കാലമായി മാറിയിരിക്കുന്നതായി കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ ആദം മുൽസി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല കമ്മിറ്റി, ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് 'അവസാനിക്കാത്ത ന്യൂനപക്ഷ വേട്ട' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്ത് ഒരിക്കൽ 'സർവധർമ സമഭാവ' എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത്, ഇന്ന് ബി.ജെ.പി സർക്കാരിന്റെ കാലത്ത് 'ഒരു മതം മാത്രം, മറ്റുള്ളവർക്ക് ഭയം മാത്രം' എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
മതത്തിന്റെയും ദേശസ്നേഹത്തിന്റെയും സംസ്കാരത്തിന്റെയുമൊക്കെ പേരിൽ പരസ്പര വിദ്വേഷവും ഭീതിയും മാത്രം വിതക്കുന്ന ഭരണമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സി.എ.എ, എൻ.ആർ.സി, ലവ് ജിഹാദ് നിയമം, ഗോമാംസ നിരോധനം എല്ലാം തന്നെ ഒരേ ലക്ഷ്യം മാത്രം, ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുക. ചരിത്രം പോലും തിരുത്തി. ന്യൂനപക്ഷങ്ങളുടെ സംഭാവനകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇവരുടെ രാജ്യം ഒരു മതത്തിന്റെ മാത്രം രാജ്യമാക്കാനുള്ള നീക്കത്തോട് നാം മൗനം പാലിച്ചാൽ, ന്യൂനപക്ഷം മാത്രമല്ല നാളെ ഭൂരിപക്ഷത്തിനും സുരക്ഷയില്ല എന്നത് നാം ഓർക്കണം. അതുകൊണ്ട് ഇത് ന്യൂനപക്ഷ വേട്ട മാത്രമല്ല, ജനാധിപത്യ വേട്ട കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ ഭരണഘടന ഞങ്ങളുടെ കവചമാണ്, അത് കീറിക്കളയാൻ നിങ്ങൾക്ക് കഴിയില്ല'. നാം ഭയപ്പെടില്ല, പിൻവാങ്ങില്ല, മതത്തിന്റെ പേരിൽ വിഭജിക്കപ്പെടില്ല.
ഭാരതത്തിന്റെ ശക്തി നമ്മുടെ വൈവിധ്യമാണ്. അതിനെ തകർക്കാൻ ആരെത്തിയാലും അവർ നാടിന്റെ ശത്രുക്കൾ തന്നെയാണ്. അതിനാൽ, മതത്തിന്റെ പേരിൽ നടക്കുന്ന വേട്ടയെ തടയാനും, ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കാനും ഓരോ പൗരനും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ വിശിഷ്ടാതിഥിയെ ത്രിവർണ ഷാൾ അണിയിച്ചു ആദരിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ നിഷാദ് ആലങ്കോട്, സക്കീർ ധാനത്ത്, ഷാനവാസ് മുനമ്പത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, കണ്ണൂർ ജില്ല പ്രസിഡന്റ് സന്തോഷ്, ജില്ല ഭാരാവാഹികളായ എം.ടി ഹർഷാദ്, ജംഷീദ് തുവ്വൂർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വൈശാഖ് അരൂർ സ്വാഗതവും ട്രഷറർ റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു. ഷഫാദ് അത്തോളി, മജു സിവിൽ സ്റ്റേഷൻ, ശിഹാബ് കൈതപൊയിൽ, സിദ്ധീഖ് പന്നിയങ്കര, അൽത്താഫ് കാലിക്കറ്റ്, അസ്കർ മുല്ലവീട്ടിൽ, ജോൺ കക്കയം, ഹർഷുൽ നയീം, റിയാസ്, ഷിബിൽ കിണാശ്ശേരി തുടങ്ങിയവർ
നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

