മോദി മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsസൗദി സന്ദർശനത്തിനിടെ ജിദ്ദയിൽ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച
നടത്തിയപ്പോൾ
ജിദ്ദ: കഴിഞ്ഞ ചൊവ്വാഴ്ച സൗദി സന്ദർശനം നടത്തുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജിദ്ദയിൽ ഇരുവരും തമ്മിൽ കാണുകയും ഏറെ നേരം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു. മുസ്ലിം വേൾഡ് ലീഗിന്റെ സന്ദേശവും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു.
സാംസ്കാരികവും മതപരവും വംശീയവുമായ വൈവിധ്യങ്ങളാൽ സമ്പന്നവും ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ന്യൂനപക്ഷം താമസിക്കുന്നതുമായ ഇന്ത്യയിൽ മുസ്ലിം വേൾഡ് ലീഗിന്റെ ആഭിമുഖ്യത്തിൽ ‘വൈവിധ്യവും ഐക്യവും’ എന്ന വിഷയത്തിൽ ഉച്ചകോടി നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. വൈവിധ്യവും മൈത്രിയും പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ഉദ്ദേശ്യം.
സാംസ്കാരിക സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു. വർധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കും ധ്രുവീകരണത്തിനും ഇടയിൽ വൈവിധ്യമാർന്ന സമൂഹങ്ങളിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. സാംസ്കാരിക, മത, വംശീയ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ ഈ ആശയങ്ങൾ രൂഢമൂലമാക്കേണ്ടതിെൻറ ആവശ്യകത കണക്കിലെടുത്താണ് രാജ്യത്ത് വൈവിധ്യ മൈത്രി ഉച്ചകോടി നടത്തുക എന്ന ആശയം ഉയർന്നുവന്നത്.
കൂടിക്കാഴ്ചക്കിടെ പഹൽഗാം ഭീകരാക്രമണ വാർത്തയെത്തിയ പശ്ചാത്തലത്തിൽ മുസ്ലിം വേൾഡ് ലീഗിന്റെ പേരിൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ നിരവധി പേരുടെ ജീവനപഹരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രണമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
എല്ലാ രൂപത്തിലുമുള്ള ഭീകരതയെ മോദിയും അൽ ഈസയും അപലപിച്ചു. അത്തരം അക്രമങ്ങളെ ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

