മോദി ഭരണം യുവാക്കളെ തെരുവിന് കൊടുക്കുന്നു -നവോദയ യുവജനവേദി
text_fieldsനവോദയ യുവജനവേദി ജിദ്ദയിൽ സംഘടിപ്പിച്ച 'സ്വാതന്ത്ര്യ സംരക്ഷണ സദസ്സ്' ഷിബു തിരുവനന്തപുരം ഉദ്ഘാടനം
ചെയ്യുന്നു
ജിദ്ദ: ഏറ്റവുമധികം അഭ്യസ്തവിദ്യരായ യുവാക്കളെ ജോലി നൽകാതെ തെരുവിലേക്കയക്കുന്ന ഭരണകൂടമായി മോദി സർക്കാർ മാറിയതായി ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു. നവോദയ യുവജന വേദി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ സംരക്ഷണ സദസ്സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ നാട്ടിൽ നടത്തിയ ഫ്രീഡം സ്ട്രീറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നവോദയ യുവജനവേദി പരിപാടി സംഘടിപ്പിച്ചത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണം ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാഭ്യാസം വർഗീയവത്കരിക്കുന്നതും കൂടാതെ വിവിധ അക്കാദമിക് സ്ഥാപനങ്ങളിലും സ്വയംഭരണാധികാരമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലും ഇടപെടുകയാണ്.
വിയോജിക്കുന്നവരെയും യുക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശ്ശബ്ദരാക്കാൻ വിവിധ പേരുകളുള്ള, തീവ്രവാദമുള്ള, അക്രമസ്വഭാവമുള്ള സേനകളെ ആർ.എസ്.എസ് കെട്ടഴിച്ചുവിടുകയാണ്. ഇത്തരം നീചപ്രവൃത്തികൾ മൂലം ഡോ. എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽകർ, ഗൗരി ലങ്കേഷ്, സ്റ്റാൻ സ്വാമി എന്നിവരുടെ ജീവൻ നഷ്ടമായി. നയൻതാര സെഹ്ഗാൾ, സച്ചിദാനന്ദൻ, ഉദയ്പ്രകാശ്, ചമൻലാൽ, റഹ്മാൻ അബ്ബാദ് തുടങ്ങിയ പ്രമുഖർ 2015ൽ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തിരിച്ചയച്ചതും വർഗീയവാദികൾ നടത്തിയ കൊലപാതകങ്ങളെയും അതിക്രമങ്ങളുടെ സംസ്കാരത്തെയും വിമർശിക്കാൻ മുന്നോട്ടുവന്നതും ഈ അവസരത്തിൽ ഓർക്കണം. അവിശ്വസനീയമാം വിധം സംഘ്പരിവാർ കടന്നുകയറുന്നു. അവരുടെ അജണ്ട വസ്തുതകൾവെച്ച് പൊളിക്കുന്നവരെ ഉപരിപ്ലവമായ വാദങ്ങൾകൊണ്ട് ആർ.എസ്.എസിന്റെ സൈബർ പോരാളികൾ നേരിടും.
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹിക വികാസത്തിനും തുല്യതക്കും വേണ്ടിയുള്ള അതിശക്തമായ ജനകീയപ്രസ്ഥാനം വളർത്തിയെടുക്കുന്നതിന് യുവാക്കൾ പ്രാധാന്യം നൽകി മുന്നോട്ടുവരണമെന്നും ഷിബു തിരുവനന്തപുരം സൂചിപ്പിച്ചു. സമ്മേളനത്തിൽ യുവജനവേദി കൺവീനർ ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. യുവജനവേദി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഗോപൻ, വിവേക്, സജീർ, റാസിഖ്, റാഷിഖ്, ഗഫൂർ പൂക്കോടൻ തുടങ്ങിയവർ സംസാരിച്ചു. ഫഹജാസ് സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

