സൗദി ജയിലുകൾക്കുള്ളിൽ മൊബൈൽ ഡയാലിസിസ് സേവനം
text_fieldsറിയാദ്: വൃക്കരോഗം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന തടവുകാർക്ക് വേണ്ടി രാജ്യത്തുടനീളമുള്ള ജയിലുകളിൽ മൊബൈൽ ഡയാലിസിസ് സേവനം ആരംഭിച്ചു.
സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ജയിൽ ആരോഗ്യ വിഭാഗമാണ് സൗകര്യമൊരുക്കിയത്. ഉയർന്ന മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി തടവുകാർക്ക് നൽകുന്ന പ്രത്യേക പരിചരണത്തിന്റെ നിലവാരം വർധിപ്പിക്കുന്നതിനും ബാഹ്യ മെഡിക്കൽ റഫറലുകളുടെ ആവശ്യകത കുറക്കുന്നതിനുമായി ജയിൽ ഡയറക്ട്രേറ്റുമായി ഏകോപിപ്പിച്ചാണ് ഈ സംരംഭം ആരംഭിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ജയിൽ പരിതസ്ഥിതിയിൽ ഈ സേവനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ജയിലുകളിൽ മൊബൈൽ ഡയാലിസിസ് സേവനങ്ങൾ നൽകുന്നത് ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ പ്രധാന പുരോഗതിയെ പ്രതിനിധാനം ചെയ്യുന്നു.
ചികിത്സയുടെ തുടർച്ചയും ഗുണനിലവാരവും വർധിപ്പിക്കുന്നതിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന വൈദ്യശാസ്ത്രപരമായി സജ്ജീകരിച്ച അന്തരീക്ഷത്തിൽ രോഗികൾക്ക് സേവനം ലഭിക്കാൻ പ്രാപ്തമാക്കുന്നതിലും ഇത് പങ്കുവഹിക്കുന്നു.
തടവുകാർക്ക് നൽകുന്ന ആരോഗ്യപരിരക്ഷയുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായി സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ജയിലുകളിൽ ഈ സേവനം നൽകുന്നതിന് മെഡിക്കൽ സേവന വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

