നിരാലംബർക്ക് സഹായമായി മിഷൻ വിങ്സ് ഓഫ് കംപാഷൻ
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധിയിൽ നാടണയാൻ പ്രയാസപ്പെടുന്ന നിർധനരായ പ്രവാസികൾക്കായി ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലൂടെ മൂന്നു പേർക്കുകൂടി നാടണയാനുള്ള വഴിയൊരുങ്ങി. വ്യാഴാഴ്ച ദമ്മാമിൽ തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് മിഷൻ വിമാനത്തിലാണ് ഇൗ മൂന്നുപേരും യാത്രചെയ്യുന്നത്. മാസങ്ങളായി ജോലിയില്ലാതിരുന്ന കൊല്ലം സ്വദേശിയുടെ സന്ദർശക വിസയിലെത്തി നാടണയാൻ പ്രയാസപ്പെട്ട കുടുംബത്തിനാണ് ഈ പദ്ധതിയിലൂടെ ടിക്കറ്റ് നൽകിയത്.
ദമ്മാമിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിക്കായിരുന്നു മറ്റൊരു ടിക്കറ്റും. ലോക്ഡൗൺ തുടങ്ങിയതോടെ ജോലിയില്ലാതിരുന്ന ഇദ്ദേഹത്തിന് സന്നദ്ധ സംഘടനകളാണ് ഭക്ഷണം നൽകിയിരുന്നത്. റിയാദിൽനിന്നുള്ള കാസർകോട് സ്വദേശിക്കും ദുരിതക്കയത്തിൽനിന്നു മോചനമായി മിഷൻ വിങ്സ് ഓഫ് കംപാഷൻ സഹായമൊരുക്കി. കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽനിന്ന് നാടണയാൻ പ്രയാസപ്പെടുന്നവരിൽ 1400 പേർക്കാണ് ഈ പദ്ധതിയിലൂടെ ടിക്കറ്റ് നൽകുന്നത്.
