മിഷൻ വിങ്സ് ഒാഫ് കംപാഷൻ: ടിക്കറ്റ് വിതരണം റിയാദ്തല ഉദ്ഘാടനം
text_fieldsറിയാദ്: ഗൾഫിൽ ദുരിതത്തിലായ പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ സഹായിക്കുന്നതിന് ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് സംഘടിപ്പിക്കുന്ന മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി പ്രകാരമുള്ള വിമാന ടിക്കറ്റിെൻറ വിതരണം റിയാദ് തലത്തിൽ ആരംഭിച്ചു. കോഒാഡിനേഷൻ കമ്മിറ്റി അംഗം അബ്ദുറഹ്മാനും മീഡിയവൺ അഡ്മിൻ മാനേജർ അസ്ഹർ പുള്ളിയിലും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മലപ്പുറം അരീക്കോട് സ്വദേശിക്കാണ് ടിക്കറ്റ് നൽകിയത്. ഇദ്ദേഹം ഈ മാസം 10ന് കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. ദുരിതത്തിലായ ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചുപോകാൻ ഇന്ത്യൻ എംബസിയിൽനിന്ന് അവസരം ലഭിച്ചിട്ടും ടിക്കറ്റ് എടുക്കാൻ പ്രയാസപ്പെട്ട സാഹചര്യത്തിൽ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലൂടെ ടിക്കറ്റ് ലഭ്യമാക്കുകയായിരുന്നു. ഇദ്ദേഹത്തിനുള്ള ടിക്കറ്റ് അബ്ദുറഹ്മാൻ നൽകി. ഗൾഫ് മാധ്യമം സൗദി ഓപറേഷൻ ഡയറക്ടർ സലിം മാഹി, സീനിയർ മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ, റിയാദ് കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ സമദ് കൊയപ്പത്തൊടി എന്നിവർ സംബന്ധിച്ചു.
