സൗദിക്കുനേരെ വീണ്ടും മിസൈലുകളും ഡ്രോണുകളും; തകർത്തതായി സംഖ്യസേന
text_fieldsറിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിലും ബാലിസ്റ്റിക് മിസൈൽ ആക്രമണവും ഡ്രോൺ ആക്രമണവും ഉണ്ടായി.
റിയാദിനെ ലക്ഷ്യമാക്കി ചൊവ്വാഴ്ച വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നിരുന്നു. തലസ്ഥാന നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സംഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി വ്യക്തമാക്കി. റിയാദ് നഗരത്തിൽ ചൊവ്വാഴ്ച ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്ഫോമിൽ നിന്നുള്ള സിവില്‍ ഡിഫൻസിന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സംഖ്യസേന വക്താവിന്റെ പ്രസ്താവന വന്നത്.
മദീന മേഖലയിലും കിഴക്കൻ പ്രവിശ്യയിലുമായി ബുധനാഴ്ച അഞ്ച് ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന വക്താവ് പറഞ്ഞു. ഭീകരവാദികളായ ഹൂതി വിമതർ റിയാദിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ കേന്ദ്രം തകർത്തതായി സഖ്യസേന സ്ഥിരീകരിച്ചു.
സൗദി അറേബ്യയുടെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈൽ ഭീഷണികളെ നേരിടുന്നതിന്റെ ഭാഗമായി സഖ്യസേനക്ക് മിസൈൽ തടയാനും നശിപ്പിക്കാനും കഴിഞ്ഞതായി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

