ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിന് മീഖാത്തുകൾ സജ്ജം
text_fieldsമക്ക: ഹജ്ജിനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനായി മീഖാത്തുകൾ പൂർണ സജ്ജമായതായി മക്ക, മശാഇർ റോയൽ കമീഷൻ അറിയിച്ചു. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി കമീഷെൻറ പ്രവർത്തനപരവും മാനുഷികവുമായ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് സി.ഇ.ഒ എൻജിനീയർ സ്വാലിഹ് അൽ റഷീദ് വ്യക്തമാക്കി. ബന്ധപ്പെട്ട വിവിധ സർക്കാർ-സ്വകാര്യ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായാണ് ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. തീർഥാടന കാലയളവിലുടനീളം കാര്യക്ഷമമായ ഏകോപനവും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കാൻ വിവിധ സ്ഥാപനങ്ങളെ സൈറ്റുകളിൽ വിന്യസിച്ചിട്ടുണ്ട്. ഫീൽഡ് തലത്തിലുള്ള സന്നദ്ധത വർധിപ്പിക്കുകയും തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അതത് ഇടങ്ങളിൽ സജ്ജമാക്കുകയും ചെയ്തു.
മീഖാത്ത് സൈറ്റുകളിലെ പള്ളികളിൽ ഒരേസമയം 6,600-ലധികം പുരുഷന്മാർക്കും 3,200 സ്ത്രീകൾക്കും നമസ്കരിക്കാനുള്ള വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, ആയിരക്കണക്കിന് വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും നൂറുകണക്കിന് വിശ്രമമുറികളും ഒരുക്കിയതിലൂടെ തിരക്ക് കുറക്കാനും തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും സാധിക്കും. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മിഖാത്ത് വാദി മഹ്റമിലെ കുടിവെള്ള വിതരണ സംവിധാനം പുനരുദ്ധരിച്ചു.
മിഖാത്ത് അൽസൈൽ അൽകബീറിൽ തീർഥാടകരുടെ സൗകര്യാർഥം തൊള്ളായിരത്തിലധികം ടോയ്ലറ്റുകളിൽ സെൻട്രൽ ഹീറ്റിങ് സിസ്റ്റം സജീവമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ പോയൻറുകളിലായി 230-ലധികം നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനവും പൂർത്തിയായതായി എൻജിനീയർ സ്വാലിഹ് അൽ റഷീദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

