ന്യൂനപക്ഷ സംരക്ഷണം പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം -ഡോ. ഹുസൈൻ മടവൂർ
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ നൽകിയ സ്വീകരണ പരിപാടിയിൽ ഡോ. ഹുസൈൻ മടവൂർ സംസാരിക്കുന്നു
ജിദ്ദ: ന്യൂനപക്ഷ സമൂഹങ്ങളെ അവരുടെ ഭാഷാപരമായും മതപരമായുമുള്ള സ്വത്വം നിലനിർത്തിക്കൊണ്ട് സംരക്ഷിക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമെന്ന് കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. രണ്ടു ദിവസം മക്കയിൽ നടന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദിയിലെത്തിയ അദ്ദേഹം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന ഇഫ്താറിനോടനുബന്ധിച്ച് ഉൽബോധന പ്രഭാഷണം നടത്തുകയായിരുന്നു.
നമ്മുടെ രാജ്യത്തെ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇന്നത് നിരന്തരം കവർന്നെടുക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ആയിരിക്കണം ഇത്തരം നീക്കങ്ങളെ ചെറുക്കേണ്ടത്. വൈകാരികമായി അതിനെ സമീപിക്കാൻ പാടില്ലെന്നും ലോകത്തുള്ള സകല അക്രമികളും എക്കാലത്തും നിലനിന്നിട്ടില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി.
മക്കയിൽ സൗദി ഭരണകൂടത്തിന്റെ പിന്തുണയോടെ ഗ്രാൻഡ് മുഫ്തി അബ്ദുൽ അസീസ് ആലു ഷൈഖിന്റെ നേതൃത്വത്തിൽ നടന്ന പണ്ഡിത സമ്മേളനം പ്രധാനമായും ഊന്നൽ നൽകിയത് വ്യത്യസ്ത വീക്ഷണങ്ങൾ നിലനിർത്തുമ്പോഴും മുസ്ലിംകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പരസ്പര വിദ്വേഷം ഒഴിവാക്കി മുന്നോട്ട് പോകുന്നതിലായിരുന്നു. ഇതുതന്നെയാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം എക്കാലത്തും ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റമദാനിലെ ഒരുക്കങ്ങൾ അതിന്റെ ആത്മാവുമായി ഒത്തുപോകുന്നതാണോ എന്ന് നമ്മൾ പരിശോധിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. ഭയഭക്തി ഉണ്ടാകാനാണ് നോമ്പെടുക്കാൻ ഖുർആൻ കൽപിച്ചതെന്നും അതിൽ ശ്രദ്ധിച്ചുകൊണ്ട് പ്രാർഥനകൾ അധികരിപ്പിക്കുകയാണ് വിശ്വാസിസമൂഹം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എൻ.എം മുൻ സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി ചടങ്ങിൽ സന്നിഹിതനായിരുന്നു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

