നിയമലംഘനത്തിനെതിരെ മന്ത്രാലയം; സൗദിയിൽ 12 റിക്രൂട്ട്മെൻറ് ഓഫിസുകൾക്കെതിരെ കർശന നടപടി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 12 റിക്രൂട്ട്മെൻറ് ഓഫിസുകൾക്കെതിരെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കർശന നിയമനടപടി സ്വീകരിച്ചു. 2026ന്റെ രണ്ടാം പാദത്തിൽ രാജ്യത്തുടനീളം മന്ത്രാലയം നടത്തിയ കർശനമായ പരിശോധനകളെത്തുടർന്നാണ് ഈ നടപടി.
പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ അഞ്ച് ഓഫിസുകളുടെ പ്രവർത്തനം മന്ത്രാലയം ഉടനടി തടഞ്ഞു. കൂടാതെ, അനുവദിച്ച സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മറ്റ് ഏഴ് ഓഫിസുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. റിക്രൂട്ട്മെൻറ് ചട്ടങ്ങൾ പാലിക്കാതിരിക്കുക, തൊഴിലാളി സേവനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുക, ഉപഭോക്താക്കൾക്ക് തിരികെ നൽകാനുള്ള തുക നൽകാൻ വൈകിപ്പിക്കുക, ഗുണഭോക്താക്കളുടെ പരാതികളിൽ യഥാസമയം പരിഹാരം കാണാതിരിക്കുക തുടങ്ങിയ വിവിധ നിയമലംഘനങ്ങളാണ് ഈ സ്ഥാപനങ്ങൾക്കെതിരെ കണ്ടെത്തിയത്.
റിക്രൂട്ട്മെൻറ് ഓഫിസുകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും കൃത്യമായി നിരീക്ഷിക്കുന്നത് തുടരുമെന്നും, ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെൻറ് സേവനങ്ങൾ നിയന്ത്രിക്കുന്നതിനായി മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ദേശീയ പ്ലാറ്റ്ഫോമായ ‘മുസാനിദ്’ വഴി മാത്രം ഉപഭോക്താക്കൾ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അംഗീകൃത സേവന ദാതാക്കളുമായി സുരക്ഷിതമായി ഇലക്ട്രോണിക് കരാറുകളിൽ ഏർപ്പെടാൻ ഈ പ്ലാറ്റ്ഫോം സഹായിക്കും. കൂടാതെ, ലഭ്യമാകുന്ന സേവനങ്ങളെ വിലയിരുത്തുന്നതിനും, പരാതികൾ സമർപ്പിക്കുന്നതിനും, അവയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഇതിലുണ്ട്. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 920002866 എന്ന ഏകീകൃത നമ്പറിലോ, സ്മാർട്ട് ഫോണുകളിൽ ലഭ്യമായ ‘മുസാനിദ്’ ആപ് വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

