ഗതാഗത വാടക ഓഫിസുകൾക്കായി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് നഗരസഭ മന്ത്രാലയം
text_fieldsഅൽഖോബാർ: സൗദി മുനിസിപ്പാലിറ്റികളും ഹൗസിങ് മന്ത്രാലയവും സംയുക്തമായി ഗതാഗത വാടക ഓഫിസുകൾക്ക് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിനും വേണ്ടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. കര, ജല, വായു ഗതാഗത ഓഫിസുകൾക്കും ഷെൽട്ടറുകൾക്കും പുതുക്കിയ നിബന്ധനകൾ ബാധകമാണ്.
പ്രവർത്തന സ്ഥലങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, ആർക്കിടെക്ചറൽ ഡിസൈൻ മാനദണ്ഡങ്ങൾ, ഫസാഡ് ആവശ്യകതകൾ, പാർക്കിങ് സ്പേസ് നിബന്ധനകൾ, പൊതുജന സുരക്ഷ, ശുചിത്വം, പരിപാലനം, ഭിന്നശേഷിയുള്ളവർക്കുള്ള ആക്‌സസ് എന്നിവക്കുള്ള മാർഗനിർദേശങ്ങൾ എന്നിവയാണ് നിബന്ധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിബന്ധനകൾ പ്രകാരം സൗദി ബിൽഡിംഗ് കോഡ്, ഫയർ പ്രൊട്ടക്ഷൻ കോഡ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ പാലിക്കേണ്ടത് നിർബന്ധമാണ്.
കൂടാതെ അനുയോജ്യമായ അധിക പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം, ക്യാമറകൾ സ്ഥാപിക്കൽ, ആന്തരിക സൈൻബോർഡുകൾ പുതുക്കി വയ്ക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിബന്ധനകൾ പാലിക്കുന്നത് നിക്ഷേപകരെ സൗദി അറേബ്യയുടെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന സൗകര്യങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കും. ഇത് സേവന നിലവാരം മെച്ചപ്പെടുത്തുകയും വിപണിയിലെ മത്സരശേഷി വർധിപ്പിക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും.
അന്താരാഷ്ട്ര മികച്ച രീതികൾക്കനുസരിച്ച് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വികസിപ്പിച്ച ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്ലാനിംഗ്, ആർക്കിടെക്ചർ, ടെക്നിക്കൽ, ഓപ്പറേഷണൽ ഘടകങ്ങൾ പരിഗണിച്ചുകൊണ്ടുള്ളതാണ്. നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ തമ്മിൽ സമതുലിതത്വം നിലനിർത്തുന്നതിനും പരമാവധി ശ്രമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

