അടിയന്തര ആരോഗ്യസുരക്ഷ നിർദേശങ്ങളുമായി ഹജ്ജ് മന്ത്രാലയം
text_fieldsമക്ക: ഹജ്ജിനെത്തുന്ന തീർഥാടകർ അടിയന്തരമായി പാലിക്കേണ്ട ആരോഗ്യസുരക്ഷ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഏതെങ്കിലും അടിയന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഹജ്ജ് തീർഥാടകർ സ്വീകരിക്കേണ്ട നടപടികളാണ് മന്ത്രാലയം വ്യക്തമാക്കിയത്.
തീർഥാടകർക്ക് അടിയന്തര ആരോഗ്യ പരിചരണം ആവശ്യമുണ്ടെങ്കിൽ അവർ നേരിട്ട് അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് പോകണം. അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നാൽ ഹജ്ജ് അനുഷ്ഠാങ്ങൾ ചെയ്യുന്ന പ്രദേശങ്ങളിലെ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് പോകണം. സ്‌മാർട്ട് ഫോണുകൾ ഉപയോഗിച്ച് ബാർകോഡ് സ്‌കാൻ ചെയ്‌ത് ആശുപത്രികളുടെ ലൊക്കേഷനുകൾ കണ്ടെത്താം. ഹജ്ജ് മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പ്ലാറ്റ്‌ഫോം അക്കൗണ്ടിൽ പുറത്തുവിട്ട പ്രത്യേക 'ഇൻഫോഗ്രാഫിക്' ഇതിനായി ഉപയോഗപ്പെടുത്താം.
തീർഥാടകർക്ക് കൂടുതൽ ഉപയോഗപ്രദമായ നിരവധി സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വൈദ്യോപദേശം തേടാൻ താൽപര്യമുണ്ടെങ്കിൽ അവർക്ക് 911, 937 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അടിയന്തര മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി 'സിഹത്തീ' ആപ്ലിക്കേഷൻ വഴിയുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യസേവനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ https://www.moh.gov.sa/en/HealthAwareness/Pilgrims_Health/Pages/Services-Health-Sites.aspx എന്ന ലിങ്ക് വഴിയും അറിയാമെന്നും അധികൃതർ അറിയിച്ചു.