ഹജ്ജ്-ഉംറ മന്ത്രാലയം പുനഃസംഘടിപ്പിച്ചു; സൗദി മന്ത്രിസഭ അംഗീകാരം നൽകി
text_fieldsജിദ്ദ: ഹജ്ജ്-ഉംറ മന്ത്രാലയത്തിെൻറ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ ഘടനയ്ക്കും പ്രവർത്തന ഗൈഡിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും മന്ത്രാലയത്തിെൻറ ഡിജിറ്റൽ പരിവർത്തന നടപടികൾ വേഗത്തിലാക്കുന്നതിനും പുതിയ പരിഷ്കാരം വഴിതുറക്കും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ തൊഴിൽ കരാറുകൾ ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾക്കും അവർക്കുള്ള പുതുക്കിയ ശമ്പള സ്കെയിലിനും മന്ത്രിസഭ ഇതോടൊപ്പം അനുമതി നൽകി.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം
വിവിധ രാഷ്ട്രത്തലവന്മാരുമായി കിരീടാവകാശി നടത്തിയ നയതന്ത്ര ചർച്ചകളുടെ പുരോഗതി യോഗം വിലയിരുത്തി. സിറിയ, ലെബനൻ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ, ജപ്പാൻ, ചെക്ക് റിപ്പബ്ലിക്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെച്ചു. ജിബൂട്ടി പ്രസിഡൻറിൽ നിന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിന് ലഭിച്ച സന്ദേശത്തെക്കുറിച്ചും യോഗത്തിൽ പരാമർശമുണ്ടായി.
വിഷൻ 2030-ഉം സാമ്പത്തിക മുന്നേറ്റവും
സൗദി വിഷൻ 2030-െൻറ ഭാഗമായുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ വൻ വിജയമാണെന്ന് മന്ത്രിസഭ വിലയിരുത്തി. എണ്ണയിതര മേഖലകളിൽ നിന്നുള്ള വരുമാന വർദ്ധനവും സാമ്പത്തിക വൈവിധ്യവൽക്കരണവും രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതായും വാർഷിക ലക്ഷ്യസൂചകങ്ങളിൽ 93 ശതമാനവും പൂർത്തീകരിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും യോഗം നിരീക്ഷിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങൾ കൈവരിച്ച പുരോഗതിയെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു.
രാജ്യാന്തര സഹകരണ കരാറുകൾ
വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി നിരവധി ധാരണാപത്രങ്ങൾക്കും യോഗം അംഗീകാരം നൽകി. ഊർജ മേഖലയിൽ കൊളംബിയയുമായും സാമ്പത്തിക രംഗത്ത് പോർച്ചുഗലുമായും സഹകരിച്ചു പ്രവർത്തിക്കും. ഖത്തറുമായുള്ള നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നൈജീരിയയുമായി കസ്റ്റംസ് സഹകരണം ഉറപ്പാക്കുന്നതിനും തീരുമാനമായി.
കായിക രംഗത്ത് ബ്രൂണെ ദാറുസ്സലാം, സൊമാലിയ എന്നീ രാജ്യങ്ങളുമായും ഭക്ഷ്യസുരക്ഷാ രംഗത്ത് പോർച്ചുഗലുമായും സൗദി അറേബ്യ കൈകോർക്കും. വാർത്താവിനിമയ രംഗത്ത് സിറിയൻ വാർത്താ ഏജൻസിയുമായി സഹകരിക്കുന്നതിനുള്ള കരാറിനും മന്ത്രിസഭ അനുമതി നൽകി. ഇതിനുപുറമെ, സൗദി സ്റ്റാൻഡേർഡ്സ് മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, ജനറൽ അതോറിറ്റി ഫോർ കോമ്പറ്റീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ടുകൾ പരിശോധിച്ച മന്ത്രിസഭ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

