വിദ്യാർഥികൾ വാക്സിനെടുക്കണമെന്ന് വിദ്യാഭ്യാസ–ആരോഗ്യമന്ത്രാലയങ്ങൾ
text_fieldsറിയാദ്: രാജ്യത്തെ 12 വയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികളോടും കോവിഡ് വാക്സിൻ എടുക്കാൻ സൗദി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു.പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും സുരക്ഷിതമായി എത്താൻ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിശ്ചിത ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ് ഉത്തരവ്. 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും പെൺകുട്ടികളുമായ എല്ലാ വിദ്യാർഥികൾക്കും ഇത് നിർബന്ധമാണ്.
അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ബാധകമാണ്. യൂനിവേഴ്സിറ്റി, ടെക്നിക്കൽ - വൊക്കേഷനൽ ട്രെയിനിങ് സെൻററുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഇതിൽപെടും.
വിദ്യാർഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷക്ക് വാക്സിൻ സ്വീകരിക്കണമെന്നാണ് മന്ത്രാലയങ്ങളുടെ നിർദേശം. അടുത്ത അധ്യയനവർഷം മുതൽ പഴയ അവസ്ഥയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മടങ്ങിവരേണ്ടതുണ്ടെന്നും അതിന് വാക്സിനേഷൻ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.
വാക്സിൻ എടുക്കാത്ത എല്ലാവരോടും ആദ്യഡോസ് സ്വീകരിക്കൽ വേഗത്തിലാക്കണമെന്നും മന്ത്രാലങ്ങൾ അഭ്യർഥിച്ചു. ആദ്യഡോസ് സ്വീകരിച്ചു 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. ആഗസ്റ്റ് 29ന് സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കണം.വിദ്യാർഥികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇരു മന്ത്രാലയങ്ങളും സംയുക്തമായി നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

