മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ മന്ത്രാലയം
text_fieldsസൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണ ശ്രമങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടന്ന മൂന്ന് ബാലസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡൻറ് മസൂദ് പെഷസ്കിയാന്റെ പ്രസ്താവന പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണ നീക്കമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമിട്ട് റുബ് അൽ ഖാലി മേഖലയിലൂടെ എത്തിയ ഡ്രോണുകളെയാണ് പ്രതിരോധ സേന പ്രധാനമായും തകർത്തത്. ആദ്യ ഘട്ടത്തിൽ നാല് ഡ്രോണുകളും തൊട്ടുപിന്നാലെ ആറ് ഡ്രോണുകളും തകർത്തു. തുടർന്നുണ്ടായ നീക്കങ്ങളിൽ ഇതേ മേഖലയിൽ വെച്ച് നാല് ഡ്രോണുകൾ കൂടി നിർവീര്യമാക്കി. മറ്റൊരു ഘട്ടത്തിൽ റുബ്അൽ ഖാലിയിൽ വെച്ച് തന്നെ രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു. അൽ ഖർജിലെ തന്ത്രപ്രധാനമായ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടെത്തിയ ബാലസ്റ്റിക് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് നശിപ്പിച്ചു. എയർബേസിന് നേരെ വന്ന രണ്ട് ബാലസ്റ്റിക് മിസൈലുകൾ തകർത്തു. റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്ത് എത്തിയ രണ്ട് ഡ്രോണുകളും വിജയകരമായി തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും റിയാദിെൻറ കിഴക്ക്, വടക്കുകിഴക്ക് ഭാഗങ്ങൾ, അൽ ഖർജ് ഗവർണറേറ്റ് എന്നിവിടങ്ങൾ ലക്ഷ്യമാക്കി സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. അന്ന് അഞ്ച് ബാലസ്റ്റിക്-ക്രൂയിസ് മിസൈലുകളും ആറ് ഡ്രോണുകളുമാണ് പ്രതിരോധ മന്ത്രാലയം തകർത്തത്. ‘രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ ഉണ്ടാകുന്ന ഇത്തരം ഭീകരാക്രമണ ഭീഷണികളെ അതിശക്തമായി തന്നെ നേരിടും. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പ്രതിരോധ സേന സജ്ജമാണ്.’ -മേജർ ജനറൽ തുർക്കി അൽ മാലിക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

