അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് മന്ത്രിതല സമിതി
text_fieldsമന്ത്രിതല സമിതി യോഗം
ജിദ്ദ: റഫക്കെതിരായ ആക്രമണം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക എന്നിവയുൾപ്പെടെ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് അറബ് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി യോഗം. ബെൽജിയൻ തലസ്ഥാനമായ ബ്രസ്സൽസിൽ കഴിഞ്ഞ ദിവസം നടന്ന സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയും യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരും അവരുടെ പ്രതിനിധികളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക യോഗത്തിൽ പങ്കെടുത്തവർ പ്രകടിപ്പിക്കുകയും ചെയ്തു.
ഗസ്സ പ്രതിസന്ധി അവസാനിപ്പിക്കേണ്ടതിന്റെയും അഭിസംബോധന ചെയ്യേണ്ടതിന്റെയും അടിയന്തര ആവശ്യകത യോഗം എടുത്തുപറഞ്ഞു. കിഴക്കൻ ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിലെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കണം. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് അന്തിമവും വേഗത്തിലുള്ളതുമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിന് സംഘർഷത്തെ ഒരു രാഷ്ട്രീയ പാതയാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി. യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കും അംഗീകരിച്ച മാനദണ്ഡങ്ങൾക്കും അനുസൃതമായി യാതൊരു പുനരാലോചനയുമില്ലാതെ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് യോഗം ഉറച്ച പിന്തുണ അറിയിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ നടപടികൾ യോഗം ചർച്ച ചെയ്തു. ഫലസ്തീൻ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെയും പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പുതിയ ഫലസ്തീൻ സർക്കാറിനെ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു.
യോഗത്തിന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും നോർവേ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡെയും നേതൃത്വം നൽകി. യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് ഫോറിൻ സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലിന്റെ ഏകോപനത്തിലാണ് യോഗം നടന്നത്.
ജോർഡൻ, സ്പെയിൻ, ജർമനി, യു.എ.ഇ, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ബഹ്റൈൻ, പോർച്ചുഗൽ, ബെൽജിയം, ബൾഗേറിയ, പോളണ്ട്, തുർക്കി, അറബ് ലീഗ്, അൾജീരിയ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ് ഫ്രാൻസ്, ഫലസ്തീൻ, ഫിൻലാൻഡ്, ഖത്തർ, ക്രൊയേഷ്യ, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഈജിപ്ത്, യു.കെ, നെതർലാൻഡ്സ്, ഓസ്ട്രിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ്, ഒ.െഎ.സി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

