ഹനീനിനെ നാഷനൽ ഗാർഡ് മന്ത്രി സന്ദർശിച്ചു
text_fieldsറിയാദ്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ സിയാമീസ് ഇരട്ടകളിലൊന്നായ ഹനീനിനെ നാഷണൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് സന്ദർശിച്ചു. കിങ് അബ്ദുൽ അസീസ് നാഷണൽ ഗാർഡ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ മന്ത്രി കുട്ടിയെ സന്ദർശിക്കുകയും മെഡിക്കൽ സംഘവുമായി ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് ഫലസ്തീനിൽ നിന്നുള്ള ഹനീനെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കുട്ടി സുഖം പ്രാപിച്ചുവരികയാണ്.
കിരീടാവകാശിയുടെ നിർദേശത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കൊണ്ടുവന്ന കുവൈത്തിൽ നിന്നുള്ള നൂറ അൽമുതൈരിയെയും മന്ത്രി സന്ദർശിച്ചു.
നാഷണൽ ഗാർഡ് ആരോഗ്യ കാര്യ എക്സിക്യൂട്ടീവ് മേധാവി ഡോ. ബന്ദർ അൽഖനാവി, ചികിത്സ കാര്യ മേധാവി ഡോ. സഅദ് അൽമുഹ്റജ്, സൗദിയിലെ ഫലസ്തീൻ അംബാസഡർ ബാസിം അഗാ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
