ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി; പുണ്യസ്ഥലങ്ങളിൽ വൻ വികസന പദ്ധതികൾ
text_fieldsഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങളും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിനായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തി. തീർഥാടകർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ പരിശോധിച്ചത്.
തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരുങ്ങുന്ന 400 കിടക്കകളുള്ള എമർജൻസി ആശുപത്രി പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ മന്ത്രി സന്ദർശിച്ചു. പുണ്യനഗരിയുടെ ഭൂപ്രകൃതിയും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തി തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
36,000 ചതുരശ്ര മീറ്ററിൽ വിപുലമായ വിശ്രമ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇതിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. കാൽനട യാത്രക്കാർക്കായി പ്രത്യേക പാതകൾ, സേവന കേന്ദ്രങ്ങൾ, തണലേകാൻ കുടകൾ, കൂളിങ് ഫാനുകൾ എന്നിവ സജ്ജീകരിക്കും.
ജബലുറഹ്മ, നമിറ മസ്ജിദ് മുറ്റം എന്നിവിടങ്ങളിൽ കഠിനമായ ചൂട് ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും പരിശോധനയുടെ ഭാഗമായി. തീർഥാടകരുടെ യാത്രാസുഖം വർധിപ്പിക്കുന്നതിനും പുണ്യസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങളാണ് സൗദി ഭരണകൂടം ഈ വർഷം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

