യാംബുവിലെ ‘മിനി ഊട്ടി’
text_fieldsയാംബു അൽ നഖ്ലിലെ തൽഅത്ത് നസയിലെ പ്രകൃതി രമണീയ ദൃശ്യങ്ങൾ (ഫോട്ടോ: യാംബു ഫ്ലൈ ബേർഡ്സ്)
യാംബു: നഗരത്തിരക്കുകളിൽനിന്ന് മാറി പ്രകൃതിയുടെ ശാന്തത തേടുന്നവർക്കും സാഹസികത ഇഷ്ടപ്പെടുന്ന മല കയറ്റക്കാർക്കും പുത്തൻ താവളമായി മാറുകയാണ് യാംബു അൽ നഖ്ലിലെ തൽഅത്ത് നസ. യാംബു ടൗണിൽനിന്നും ഏകദേശം 50 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ഈ പ്രദേശം, പ്രകൃതിഭംഗി കൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്.
പർവതങ്ങളുടെ വർണക്കാഴ്ച
യാംബുവിലെ ഏറ്റവും മനോഹരമായ പർവതനിരകളിൽ ഒന്നാണ് തൽഅത്ത് നസ. പാറക്കെട്ടുകൾ നിറഞ്ഞ ഈ മലനിരകൾ സൂര്യാസ്തമയ സമയത്ത് അണിയുന്ന വർണഭംഗി പകർത്താൻ ഫോട്ടോഗ്രാഫർമാരുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മഞ്ഞുകാലത്തെ കുളിർമയുള്ള കാലാവസ്ഥയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് മലനിരകളിൽ നിന്നും രൂപപ്പെടുന്ന കൊച്ചു വെള്ളച്ചാട്ടങ്ങൾ ഈ പ്രദേശത്തിന് ഒരു മലയോര സുഖവാസ കേന്ദ്രത്തിെൻറ പ്രതീതി നൽകുന്നു.
ചരിത്രവും സാഹസികതയും
കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി ചരിത്രമുറങ്ങുന്ന മണ്ണ് കൂടിയാണിത്. പണ്ട് കാലത്ത് മദീനയിലേക്കും മറ്റും പോയിരുന്ന കച്ചവട സംഘങ്ങളും തീർഥാടകരും സഞ്ചരിച്ചിരുന്ന പാതകൾ ഈ മലയിടുക്കുകളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. പർവതത്തിന് മുകളിൽ സ്വദേശികൾ കല്ലുകൾ കൊണ്ട് പണിത പഴയ കൊച്ചു വീടുകളും ചെറിയ ഗുഹകളും പഴയകാല ജീവിതത്തിെൻറ അടയാളങ്ങളായി ഇന്നും നിലനിൽക്കുന്നു.
സന്ദർശകർ ശ്രദ്ധിക്കാൻ
ജനവാസമില്ലാത്ത മലയോര മേഖലയായതിനാൽ ഇവിടേക്ക് പോകുന്നവർ സുരക്ഷ മുൻകരുതലുകൾ കർശനമായി പാലിക്കണം. ആവശ്യമായ ഭക്ഷണവും കുടിവെള്ളവും കരുതേണ്ടത് അത്യാവശ്യമാണ്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ മികച്ച ശാരീരികക്ഷമതയുള്ളവർക്ക് മാത്രമേ ട്രക്കിങ് സുഗമമാകൂ.
ആവേശമായി ‘മൗണ്ട് ട്രക്കിങ്’
മലയാളികളടക്കമുള്ള പ്രവാസി കൂട്ടായ്മകൾക്കിടയിൽ ഇവിടം ഇപ്പോൾ ഒരു പ്രധാന വാരാന്ത്യ ലക്ഷ്യസ്ഥാനമാണ്. റദ്വ കുന്നുകളുടെ വേറിട്ട ഭൂപ്രകൃതി ആസ്വദിക്കാൻ വിവിധ ക്ലബ്ബുകൾ ട്രക്കിങ് സംഘടിപ്പിക്കാറുണ്ട്. യാംബുവിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘യാംബു ഫ്ലൈ ബേർഡ്സ്’ അടുത്തിടെ നടത്തിയ പര്യവേക്ഷണം വലിയ ശ്രദ്ധ നേടിയിരുന്നു.
പർവതമുകളിൽ നിന്നുള്ള ജബൽ റദ്വയുടെ മനോഹരമായ കാഴ്ചയും, താഴ്വരയിലെ സമൃദ്ധമായ കൃഷിയിടങ്ങളുടെ പശ്ചാത്തലവും തൽഅത്ത് നസയെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
നഗരത്തിലെ കോൺക്രീറ്റ് കാടുകളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്ക് തൽഅത്ത് നസ ഒരു വേറിട്ട അനുഭവം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

