Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള മാതൃകയായി മിന...

ആഗോള മാതൃകയായി മിന സ്മാർട്ട് സിറ്റി; മന്ത്രധ്വനികളോടെ ഹജ്ജ് കർമങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം

text_fields
bookmark_border
ആഗോള മാതൃകയായി മിന സ്മാർട്ട് സിറ്റി; മന്ത്രധ്വനികളോടെ ഹജ്ജ് കർമങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം
cancel

മക്ക: മധ്യപൂർവേഷ്യയിലെ അശാന്തമായ രാഷ്​ട്രീയ സാഹചര്യങ്ങളും വിമാന സർവീസുകളിലെ നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, അവയെയെല്ലാം മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സീസണൽ സ്മാർട്ട് സിറ്റിയായ മിനയിലേക്ക് ലക്ഷക്കണക്കിന് തീർഥാടകർ ഒഴുകിയെത്തിയതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔപചാരിക തുടക്കമായി.

ഹജ്ജി​െൻറ പ്രാരംഭ ഘട്ടമായ തർവിയത്ത് ദിനത്തിൽ (തിങ്കളാഴ്ച) മാനവ സാഹോദര്യത്തി​െൻറ വിളംബരമായി ഒരേ മാതൃകയിലുള്ള ശുഭ്രവസ്ത്രം ധരിച്ച്, ‘ലബൈകല്ലാഹുമ്മ ലബൈക്...’ എന്ന തൽബിയത്ത് മന്ത്രധ്വനികളോടെ ഭൂരിഭാഗം തീർഥാടകരും മിനയിലെ വെള്ളക്കൂടാരങ്ങളിൽ എത്തിച്ചേർന്നു. ദൈവീക കീർത്തനങ്ങളിലും പ്രാർത്ഥനകളിലും ഖുർആൻ പാരായണത്തിലും മുഴുകി അഞ്ചു നേരത്തെ നമസ്കാരങ്ങളോടെ തീർഥാടകർ ഇവിടെ തങ്ങുന്നു.

തിങ്കളാഴ്ച രാത്രിയോടെ തീർഥാടകർ അറഫയിലേക്ക് നീങ്ങും. ചൊവ്വാഴ്ച ഉച്ച മുതൽ സൂര്യാസ്തമനം വരെ അറഫയിൽ തങ്ങുന്നതോടെ ഹജ്ജി​െൻറ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം പൂർത്തിയാകും. തുടർന്ന് രാത്രി മുസ്ദലിഫയിൽ രാപ്പാർക്കുന്ന തീർഥാടകർ, ബുധനാഴ്ച പുലർച്ചെ ജംറയിലെ പ്രതീകാത്മക കല്ലേറ് കർമത്തിനായി പുറപ്പെടും. അതിനുശേഷം മുടിമുറിക്കൽ, ഹജ്ജി​െൻറ ത്വവാഫ്, സഇയ് എന്നിവ കഴിയുന്നതോടെ കർമങ്ങൾക്ക് അർദ്ധവിരാമമാകും. തുടർന്ന് വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മിനായിൽ താമസിച്ച് കല്ലേറ് കർമം പൂർത്തിയാക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് പൂർണ സമാപനമാകും.

ഇത്തവണ 18 ലക്ഷം ഹജ്ജ്​ തീർഥാടകർ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദേശ തീർഥാടകർ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 162 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 16 ലക്ഷം വിദേശ തീർഥാടകരും, സൗദിക്കകത്തു നിന്നുള്ള രണ്ട്​ ലക്ഷം സ്വദേശി തീർഥാടകരും ഉൾപ്പെടെ ആകെ 18 ലക്ഷം പേരാണ് ഇത്തവണ ഹജ്ജിനായി ഒത്തുചേർന്നിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് 1,75,000 പേരും കേരളത്തിൽ നിന്ന് 18,000 പേരും ഉൾപ്പെടുന്നു. ഹാജിമാരുടെ കൃത്യമായ അന്തിമ കണക്ക് സൗദി അധികൃതർ ഉടൻ തന്നെ പുറത്തുവിടും.

സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേരിട്ടുള്ള മേൽനോട്ടത്തിൽ, സൗദി അറേബ്യയുടെ വിഷൻ 2030-​െൻറ ഭാഗമായി തീർഥാടകർക്ക് ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ്, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്ത നിയമലംഘകർ പുണ്യസ്ഥലങ്ങളിൽ നുഴഞ്ഞുകയറുന്നത് തടയാൻ മക്കയിലും പരിസര പ്രദേശങ്ങളിലും പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഹജ്ജിനിടെ രാഷ്​ട്രീയ-വിഭാഗീയ പതാകകൾ ഉയർത്തുന്നതും മുദ്രാവാക്യങ്ങൾ മുഴക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

വിപുലമായ സൗകര്യങ്ങൾ

ഒരേസമയം 26 ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള, 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനയിൽ ഇത്തവണ ചൂടും തീയും പ്രതിരോധിക്കുന്ന ഫൈബർഗ്ലാസ് കൊണ്ട് നിർമിച്ച, പൂർണമായും എയർ കണ്ടീഷൻ ചെയ്ത രണ്ട് ലക്ഷത്തോളം അത്യാധുനിക തമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.

കടുത്ത ചൂട് കുറയ്ക്കാനായി തണൽ കുടകൾ, മിസ്​റ്റിങ്​ ഫാനുകൾ, വൃക്ഷവൽക്കരണം എന്നിവയ്ക്ക് പുറമെ റോഡുകളിൽ ചൂട് കുറയ്ക്കുന്ന പ്രത്യേക റബ്ബർ ടാറിംഗും പുതിയ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഹാജിമാർ ശക്തമായ മുൻകരുതലുകൾ എടുക്കണമെന്നും കടുത്ത ചൂടുള്ള സമയങ്ങളിൽ തമ്പുകളിൽ തന്നെ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

കൂട്ടത്തോടെയുള്ള ജനപ്രവാഹം നിയന്ത്രിക്കാൻ നിർമിതബുദ്ധി സാങ്കേതികവിദ്യകളും നിരീക്ഷണത്തിനായി ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. തീർഥാടകരെ ഗ്രൂപ്പുകളായി തിരിച്ചുവിടുന്നതിനുള്ള (തഫ്‌വീജ്) പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പ്രത്യേക പരിശീലനം ലഭിച്ച 30,000-ത്തിലധികം ഉദ്യോഗസ്ഥരും 5,000 ഗ്രൂപ്പ് ലീഡർമാരും രംഗത്തുണ്ട്.

മണിക്കൂറിൽ ലക്ഷക്കണക്കിന് പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മിനയിലെ ബഹുനില ജംറാത്ത് പാലത്തിൽ പ്രത്യേക പ്രവേശന-ബഹിർഗമന കവാടങ്ങൾ, റാമ്പുകൾ, എസ്‌കലേറ്ററുകൾ, ഡിജിറ്റൽ മാപ്പുകൾ എന്നിവ വഴി ജനത്തിരക്ക് നിയന്ത്രിക്കുന്നു. മുഹമ്മദ് നബി നമസ്‌കാരം നിർവഹിച്ച ചരിത്രപ്രസിദ്ധമായ അൽഖൈഫ് മസ്ജിദും എയർകണ്ടീഷണറുകൾ, ടോയ്‌ലറ്റുകൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവയോടെ വലിയ രീതിയിൽ നവീകരിച്ചിട്ടുണ്ട്.

ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ

ആരോഗ്യ മന്ത്രാലയം, സൗദി റെഡ് ക്രസൻറ്​ അതോറിറ്റി, നാഷനൽ ഗാർഡ് മന്ത്രാലയം എന്നിവർ സംയുക്തമായി വിപുലമായ മെഡിക്കൽ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും അടിയന്തിരമായി മരുന്നുകളെത്തിക്കാനും, സിവിൽ ഡിഫൻസിന് അഗ്​നിശമന-രക്ഷാപ്രവർത്തനങ്ങൾക്കും നിയമലംഘകരെ കണ്ടെത്താനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

അതിവേഗ വാഹനങ്ങൾ, ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ, ആംബുലൻസ് സ്കൂട്ടറുകൾ എന്നിവയടക്കം 3,000-ത്തിലധികം അത്യാധുനിക ആംബുലൻസുകളും, റെഡ് ക്രസൻറ്​ അതോറിറ്റിയുടെ ഒരു ഡസനോളം എയർ ആംബുലൻസുകളും സജ്ജമാണ്. കൂടാതെ 7,700 ഉദ്യോഗസ്ഥരും 500-ലധികം മെഡിക്കൽ പോയിൻറുകളും ആയിരത്തിലധികം സന്നദ്ധപ്രവർത്തകരും സേവനരംഗത്തുണ്ട്.

ദീർഘകാല വികസന പദ്ധതികളിലൂടെ മിനയെ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന മുൻനിര ആഗോള കേന്ദ്രമാക്കി മാറ്റാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minadevotionhajjSaudi Arabia
News Summary - Mina Smart City as a global model; A devout beginning to the Hajj rituals amidst the chanting of prayers
Next Story