മിന-കേളി രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഇന്നുമുതൽ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിന-കേളി സോക്കർ 2024 സീസൺ 2 ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച ആരംഭിക്കും. എല്ലാ വ്യാഴാഴ്ചകളിലും രാത്രി 11.30ന് ആരംഭിക്കുന്ന മത്സരങ്ങൾ അൽഖർജിലെ യമാമ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. മത്സരം ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. ആദ്യ മത്സരത്തിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്.സി റിയാദ് - ഫുട്ബാൾ ഫ്രണ്ട്സ് അൽ ഖർജുമായി ഏറ്റുമുട്ടും.
രാത്രി 11ന് ആരംഭിക്കുന്ന ചടങ്ങുകൾ കേളി കേന്ദ്ര പ്രസിഡൻറ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്യും. 14 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരം നാല് ആഴ്ച നീണ്ടുനിൽക്കും. ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക. ഒക്ടോബർ 10ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.
റിയദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ റഫറി പാനൽ കളി നിയന്ത്രിക്കും. വിജയികൾക്കുള്ള പ്രൈസ് മണി മിന മാർട്ട് അൽഖർജും റണ്ണേഴ്സ് പ്രൈസ് മണി റൗള ഫാമിലി റെസ്റ്റാറന്റും വിന്നേഴ്സ്, റണ്ണേഴ്സ് കപ്പുകൾ മുംതാസ് റെസ്റ്റാറൻറുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
അബ്ദുൽ കലാം (ചെയർമാൻ), റാഷിദ് അലി ചെമ്മാട് (കൺവീനർ), മുക്താർ, മൻസൂർ ഉമർ (വൈസ് ചെയർമാൻമാർ), അബ്ദുൽ സമദ്, വേണുഗോപാൽ (ജോയിൻറ് കൺവീനർമാർ), ജയൻ പെരുനാട് (സാമ്പത്തിക കമ്മിറ്റി കൺവീനർ), രാമകൃഷ്ണൻ കൂവോട് (പബ്ലിസിറ്റി കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതി മത്സരങ്ങളുടെ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുണ്ട്.

