മിഡിൽ ഈസ്റ്റിലെ വലിയ റേഡിയോ ടെലിസ്കോപ് രാജ്യത്ത് പ്രവർത്തനസജ്ജമായി
text_fieldsഹാഇലിൽ ഒരുങ്ങുന്ന മിഡിലീസ്റ്റിലെ വലിയ റേഡിയോ
ടെലിസ്കോപ്പ്
യാംബു: മിഡിലീസ്റ്റിലെ വലിയ ‘റേഡിയോ ടെലിസ്കോപ്’പ്രവർത്തനസജ്ജമാക്കാനൊരുങ്ങി രാജ്യം. ഹാഇൽ നഗരത്തിലെ മഷർ നാഷനൽ പാർക്കിലാണ് 20 മീ. വ്യാസമുള്ള ഉപകരണത്തിന്റെ നിർമാണം പൂർത്തിയായത്.
റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ആകാശ നിരീക്ഷണം സാധ്യമാക്കുന്ന ജ്യോതിശാസ്ത്ര ഉപകരണമായ റേഡിയോ ടെലിസ്കോപ് സാങ്കേതിക പരിശോധന പൂർത്തിയായാൽ ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് സൗദി അമേച്വർ റേഡിയോ സൊസൈറ്റി വക്താക്കൾ അറിയിച്ചു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹാഇലിലെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമായ മഷർ പാർക്കിലെ നിരീക്ഷണ മേഖലയിലാണ് സൗദിയുടെ ദേശീയ പദ്ധതിയായ റേഡിയോ ടെലിസ്കോപ് സംവിധാനം പൂർത്തിയാകുന്നത്.
ഹാഇൽ മുനിസിപ്പാലിറ്റിയുടെ പൂർണ സഹകരണത്തോടെയാണ് മിഡിലീസ്റ്റിലെ ജ്യോതിശാസ്ത്ര മേഖലയിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കാൻ വഴിവെക്കുന്ന ഈ പ്രഥമ പദ്ധതി സ്ഥാപിതമായതെന്ന് സൗദി അമേച്വർ റേഡിയോ സൊസൈറ്റി ചെയർമാൻ ബദർ ബിൻ ഫഹദ് ബിൻ ഫൈസൽ പറഞ്ഞു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ലെ ജ്യോതിശാസ്ത്ര പദ്ധതിയിലെ ലക്ഷ്യങ്ങളിൽ മുഖ്യമായ ഒന്നാണ് വിപുലമായ റേഡിയോ ടെലിസ്കോപ് സംവിധാനം ഒരുക്കുക എന്നത്. അതിലേക്കുള്ള ചുവടുവെപ്പാണ് പൂർത്തിയായി വരുന്നതെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സുസ്ഥിര വികസനം, ഡിജിറ്റൽ രംഗത്ത് വിപ്ലവം, സാങ്കേതിക രംഗത്ത് സാമൂഹിക വികാസം, ആധുനിക ശാസ്ത്ര സാങ്കേതിക രംഗങ്ങൾ ഉപയോഗപ്പെടുത്തി ബഹുമുഖ മേഖലയിലെ മാറ്റം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ വിജയം കാണുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും സൊസൈറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി.
വ്യവസായ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വികസനം കാര്യക്ഷമമാക്കാനും വിവിധ മേഖലകളിൽ വൻ കുതിപ്പ് സാധ്യമാക്കി ഡിജിറ്റൽ രംഗത്തും മറ്റും വൻ പുരോഗതിയും ഉണ്ടാക്കാൻ രാജ്യം വൻ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

