മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വെർച്വൽ എയർ ട്രാഫിക് കൺട്രോൾ ടവർ സൗദിയിൽ പ്രവർത്തനം തുടങ്ങി
text_fieldsഅൽ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെർച്വൽ കൺട്രോൾ ടവർ
റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വെർച്വൽ എയർ ട്രാഫിക് ടവർ സൗദിയിൽ പ്രവർത്തനം തുടങ്ങി. വെർച്വൽ കൺട്രോൾ ടവർ വഴി അൽ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം റിമോട്ടായി കൈകാര്യം ചെയ്തുകൊണ്ടാണ് മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിൽ സൗദി അറേബ്യ ഒരു ഗുണപരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ മേഖലയിലെ ആദ്യത്തെ റിമോട്ടായി പ്രവർത്തിക്കുന്ന വിമാനത്താവളമായി അൽഉല വിമാനത്താവളം.
സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനിക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഓപ്പറേറ്റിങ് ലൈസൻസ് ലഭിക്കുകയും എല്ലാ സുരക്ഷാ ആവശ്യകതകളും പാലിക്കുകയും ചെയ്തതിന് ശേഷമാണിത് വെർച്വൽ എയർ ട്രാഫിക് ടവർ പ്രവർത്തനം തുടങ്ങിയത്.
ഇനി മുതൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെർച്വൽ ടവർ സെന്ററിൽ നിന്ന് അൽ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം വിദൂരമായി നിരീക്ഷിക്കാനാകും. ഏറ്റവും പുതിയ വ്യോമയാന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും സൗദിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ അൽഉലയുടെ സ്ഥാനം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസത്തിന്റെ വളർച്ചയെ പിന്തുണക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായി ഇത് നടപ്പിലാക്കിയിരിക്കുന്നത്. 2022 ലെ ഏവിയേഷൻ ഫ്യൂച്ചർ സമ്മേളനത്തിൽ ഒപ്പുവെച്ച അൽഉല റോയൽ കമ്മീഷനുമായുള്ള സഹകരണ ധാരണാപത്രത്തിന് കീഴിലാണ് സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനി വെർച്വൽ കൺട്രോൾ ടവർ പദ്ധതി നടപ്പിലാക്കിയത്.
ഈ നൂതന സാങ്കേതികവിദ്യ പ്രവർത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കമ്പനി അതിന്റെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഉയർന്ന റെസല്യൂഷനുള്ള 360ഡിഗ്രി കാമറകൾ, നൂതന സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളെയാണ് വെർച്വൽ ടവർ ആശ്രയിക്കുന്നത്. ഡാറ്റ വിശകലനം ചെയ്യുന്നതിനും കാലാവസ്ഥാ സാഹചര്യത്തിന്റെ സമഗ്രമായ കാഴ്ച നൽകുന്നതിനും ഇത് സഹായിക്കുന്നു. അടുത്തിടെ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി വെർച്വൽ ടവർ ഓപ്പറേഷൻസ് സെന്റർ പരിശോധിക്കുകയും അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം വിദൂരമായി കൈകാര്യം ചെയ്യുന്നതിനുള്ള നൂതന സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.
ഗ്രൗണ്ട് ട്രാഫിക് മാനേജ്മെന്റിനായുള്ള ആദ്യത്തെ വെർച്വൽ കൺട്രോൾ ടവറിന്റെ പ്രവർത്തനം മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിലേ ക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് അൽദുവൈലജ് പറഞ്ഞു. നാഷണൽ എയർ നാവിഗേഷൻ പ്ലാനിന് അനുസൃതമായി എയർ നാവിഗേഷൻ സേവനങ്ങളുടെ വികസനവും നവീകരണവും വഴി വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ടവർ വെറുമൊരു സാങ്കേതിക പ്രയോഗമല്ല, മറിച്ച് വ്യോമയാന മേഖലയിലെ നൂതന ഡിജിറ്റൽ ഭാവിയിലേക്കുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണെന്ന് കമ്പനി സി.ഇ.ഒ എഞ്ചിനീയർ അബ്ദുൽ അസീസ് അൽസാഇദ് പറഞ്ഞു. ഇതിന്റെ പ്രവർത്തനത്തിലൂടെ പ്രവർത്തന കാര്യക്ഷമതയിൽ ഗുണപരമായ മാറ്റം ഞങ്ങൾ കൈവരിക്കുന്നു. ഭാവിയിലെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു സ്മാർട്ട്, സുസ്ഥിര അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു വെന്നും അൽസാഇദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

