മനമുരുകി തീർഥാടക ലക്ഷങ്ങൾ; അറഫാസംഗമം ഇന്ന്
text_fieldsഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിൽ പെങ്കടുക്കാൻ മിനായിൽ എത്തുന്ന തീർഥാടകർ
മക്ക: മനമുരുകുന്ന പ്രാർഥനയോടെ തീർഥാടക ലക്ഷങ്ങൾ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കംകുറിച്ച് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്നെത്തിയ അല്ലാഹുവിന്റെ അതിഥികൾ ഇവിടെ ഒരുമിച്ചുകൂടും. രാവും പകലും ഭക്തിയുടെ നിറവിൽ ഒഴുകിയെത്തുന്ന ശുഭ്രവസ്ത്രധാരികളുടെ സംഗമം അറഫയിൽ കൺകുളിർമയുള്ള കാഴ്ചയാവും. ആഭ്യന്തര, വിദേശ തീർഥാടകരടക്കം 20 ലക്ഷത്തിലേറെ പേർ ഇന്ന് അറഫയിൽ എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമത്തിനാണ് മൈതാനം സാക്ഷിയാവുക.
വിശാലമായ അറഫ മൈതാനത്തെ നമിറ മസ്ജിദിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമാവുക. തിങ്കളാഴ്ച രാത്രിതന്നെ തീർഥാടക ലക്ഷങ്ങൾ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ചൊവ്വാഴ്ച മധ്യാഹ്നം മുതൽ സൂര്യാസ്തമയം വരെയാണ് അറഫയിൽ ഹാജിമാർ സംഗമിക്കുക. പ്രവാചകൻ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയിൽ നടത്തിയ ചരിത്രപ്രാധാന്യമുള്ള പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയിൽ മുതിർന്ന പണ്ഡിതസഭാംഗ ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് അറഫ പ്രഭാഷണം നിർവഹിക്കും.
തുടർന്ന് ളുഹ്ർ, അസ്ർ നമസ്കാരങ്ങൾ ചുരുക്കി നമസ്കരിക്കും. വൈകീട്ടുവരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും. തിങ്കളാഴ്ച രാത്രിമുതൽ അറഫയിലേക്കുള്ള ഓരോ കൈവഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെക്കൊണ്ട് കവിഞ്ഞൊഴുകുകയാണ്. മക്കയിലെ ആശുപത്രികളിൽ കഴിയുന്ന വിവിധ ദേശക്കാരായ തീർഥാടകരെ, ഉച്ചയോടെ ആംബുലൻസ് വഴിയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരെ എയർ ആംബുലൻസ് വഴിയും അറഫയിൽ എത്തിക്കും.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള കോടിക്കണക്കിന് വിശ്വാസികൾ മനസ്സുകൊണ്ടും ആത്മാവുകൊണ്ടും അറഫയിലെത്തും. വ്രതമെടുത്ത് അവർ ഹജ്ജിനോട് ഐക്യപ്പെടും. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് രാപ്പാർക്കൽ. ആകാശം മേൽക്കൂരയാക്കി ഇവിടെ വിശ്രമിക്കും. ശനിയാഴ്ച പുലർച്ച ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിൽ വിശ്രമിച്ചശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.
ഇന്ത്യയിൽനിന്നെത്തിയ ഒന്നേമുക്കാൽ ലക്ഷം ഹാജിമാർ ഞായറാഴ്ച മുതൽ അറഫയിലേക്ക് പുറപ്പെട്ടുതുടങ്ങിയിരുന്നു. ഇത്തവണ ഹജ്ജ് കമ്മിറ്റിക്കു കീഴിലെത്തിയ 84,000 തീർഥാടകർക്കും മെട്രോ ട്രെയിൻ സൗകര്യമുണ്ട്. അതുകൊണ്ട് 20 മിനിറ്റുകൊണ്ട് മിനായിൽനിന്ന് അറഫയിൽ എത്താനാവും. മറ്റുള്ള തീർഥാടകർ ബസ് മാർഗമാണ് അറഫയിൽ എത്തുന്നത്. മക്കയിലെ ആശുപത്രികളിൽ കഴിയുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ പതിനഞ്ചോളം തീർഥാടകർക്കാണ് മിനായിൽ എത്താൻ കഴിയാതിരുന്നത്. ഇവരെ അറഫയിൽ നേരിട്ട് എത്തിക്കാനാവുമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ പറഞ്ഞു. അറഫയിൽ 47 ഡിഗ്രിക്കു മുകളിൽ ചൂട് ഉയരും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ഇവയെ മറികടക്കാനുള്ള സംവിധാനങ്ങൾ അറഫയിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

