മെർസ് വൈറസ്; ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം
text_fieldsറിയാദ്: മെർസ് വൈറസ് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ആശങ്കാജനകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS-CoV) സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള സമീപകാല ചർച്ചകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെറ്റിദ്ധരിക്കപ്പെട്ടതുമാണെന്ന് മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുള്ള അസീരി പറഞ്ഞു.
റിപ്പോർട്ട് ഒരു പതിവ് ആനുകാലിക റിപ്പോർട്ടാണെന്നും പുതിയ പകർച്ചവ്യാധിയുടെ അസാധാരണമായ സൂചനകളോ മുന്നറിയിപ്പുകളോ അതിൽ അടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 മഹാമാരിക്ക് ശേഷം മെർസ് വൈറസ് ബാധയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അത് ഇപ്പോഴും വളരെ താഴ്ന്ന നിലയിലാണെന്നും എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശദീകരിച്ചു. ദൈവാനുഗ്രഹത്താൽ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന് പുതിയ ജനിതക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒട്ടകങ്ങളിൽ ഇപ്പോഴും ഇത് സാധാരണമാണ്. അറിയപ്പെടുന്ന പ്രതിരോധ നടപടികൾ പാലിച്ചില്ലെങ്കിൽ പരിമിതമായ സന്ദർഭങ്ങളിൽ ഒട്ടകങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആളുകളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. ഈ രീതി വർഷങ്ങളായി അറിയപ്പെടുന്നതും നിരീക്ഷിക്കപ്പെടുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയൊരു പകർച്ചവ്യാധിയോ പൊതുജനാരോഗ്യ അപകടമോ സൂചിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പുറപ്പെടുവിക്കുന്ന ആനുകാലിക റിപ്പോർട്ടുകൾ തുടർച്ചയായ നിരീക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും അവ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം പകർച്ചവ്യാധി നിരീക്ഷണവും ആരോഗ്യ അന്വേഷണ സംവിധാനവും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി തുടരുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ നേടാനും അന്താരാഷ്ട്ര റിപ്പോർട്ടുകളുടെ തെറ്റായ വ്യാഖ്യാനങ്ങളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പൊതുജനങ്ങളോട് അദ്ദേഹം പറഞ്ഞു.
ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനും അതുവഴി ആരോഗ്യ സംവിധാനത്തിന്റെ സന്നദ്ധതയിലും ഉയർന്നുവരുന്ന വിവിധ ആരോഗ്യ വെല്ലുവിളികളെ കൈകാര്യം ചെയ്യാനുള്ള അതിെൻറ കഴിവിലും ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിശദീകരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

