ഖത്തർ അതിർത്തിയിൽ മെഗാകനാൽ പദ്ധതി സൗദിയുടെ ആലോചനയിൽ
text_fieldsജിദ്ദ: ഖത്തർ അതിർത്തിയിൽ മെഗാ കനാൽ പദ്ധതി സൗദി അറേബ്യയുടെ ആേലാചനയിൽ. ഒമ്പതുകമ്പനികൾ അടങ്ങിയ സൗദി നിക്ഷേപക കൺസോർഷ്യത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം പദ്ധതി ഒൗദ്യോഗിക അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന് ‘സബഖ്’ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് ഖത്തർ അതിർത്തിയിലാണ് 200 മീറ്റർ വീതിയിലുള്ള കനാൽ പരിഗണിക്കുന്നത്. സൗദി^ഖത്തർ അതിർത്തി കവാടമായ സൽവ മുതൽ അതിർത്തി അവസാനിക്കുന്ന ഖൗർ അൽ ഉദൈദ് വരെ 60 കിലോമീറ്ററിലാണ് കനാൽ കുഴിക്കുക. 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ നിർമിക്കുന്ന കനാൽ വഴി കണ്ടെയ്നർ, യാത്ര കപ്പലുകൾ ഉൾപ്പെടെ എല്ലാത്തരം നാവികയാനങ്ങൾക്കും സഞ്ചരിക്കാനാകും. മൊത്തം 280 കോടി റിയാൽ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ വൻ ടൂറിസം വികസനത്തിന് കളം തെളിയുന്ന ഇൗ 60 കിലോമീറ്ററിലെ ഏക തടസം ഖത്തർ അതിർത്തിയിലെ മരുഭൂമി മേഖലയാണ്. ഇൗ 60 കിലോമീറ്ററിലും കനാൽ വരുന്നതോടെ ഖത്തർ ഒരു പൂർണ ദ്വീപാകും.
പദ്ധതിക്ക് അനുമതി ലഭിച്ചാൽ അതിർത്തി മേഖല പൂർണമായും ‘മിലിറ്ററി സോൺ’ ആക്കി മാറ്റും. കനാൽ വശങ്ങളിൽ വൻകിട റിസോർട്ടുകൾ ഉയരും. പ്രൈവറ്റ് ബീച്ചുകളും മറ്റ് ആധുനിക സംവിധാനങ്ങളും ഉള്ളതായിരിക്കും ഒാരോ റിസോർട്ടും. ഇതിന് പുറമേ അഞ്ച് വൻകിട ഹോട്ടലുകളും സ്ഥാപിക്കും. സൽവ, സികാക്, ഖൗർ അൽഉദൈദ് എന്നിവിടങ്ങളിൽ ഒാരോന്നും റാസ് അബുഖമീസിൽ രണ്ടും. റാസ് അബുഖമീസിൽ നിലവിലുള്ള തുറമുഖത്തിന് പുറമേ, സൽവയിലും ഉഖ്ലത് അൽസുവൈദിലും പുതിയ തുറമുഖങ്ങൾ നിർമിക്കും. നാവിക വിനോദങ്ങൾക്കും കായികാഭ്യാസങ്ങൾക്കും ഉപകരിക്കുന്ന നിലയിലും ആഡംബര നൗകകൾക്ക് അടുക്കാനും കനാലിന് ഇരുകരയിലും വൻ വാർഫുകളും പദ്ധതിയുടെ ഭാഗമാണ്.
സൗദിയുടെ പടിഞ്ഞാറൻ കരയിൽ ചെങ്കടലിൽ തുടങ്ങാനിരിക്കുന്ന ‘നിയോം’ ഉൾപ്പെടെ കൂറ്റൻ പദ്ധതികളുെട ചുവടുപിടിച്ചാണ് അറേബ്യൻ ഉൾക്കടലിലെ ഇൗ കനാൽ പദ്ധതിയും തയാറാക്കിയിരിക്കുന്നത്. ഇതുപൂർത്തിയാകുന്നതോടെ എല്ലാഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നാവിക വിേനാദസഞ്ചാരത്തിെൻറ പ്രധാന ഇടനാഴിയായി ഇൗ മേഖല മാറും. പ്രദേശത്തിെൻറ സവിശേഷതകൾ കാരണമാണ് ഇതുതന്നെ തെരെഞ്ഞടുത്തത്. തടസമേതുമില്ലാത്ത മണൽപ്പരപ്പും പർവതങ്ങളുടെയോ കുന്നുകളുടെയോ സാന്നിധ്യമില്ലായ്മയും അനുകൂല ഘടകങ്ങളായി. ജനവാസ, കാർഷിക മേഖലകളുമില്ല. അതുകൊണ്ടു തന്നെ കനാൽ ഖനനം അനായാസം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 295 മീറ്ററിൽ താഴെ നീളം, 33 മീറ്റർ വീതി, ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ താഴ്ച എന്നിവയുള്ള ഏതുകപ്പലിനും കനാൽ വഴി അനായാസം സഞ്ചരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
