മദീന ഈത്തപ്പഴ സീസണിന് ഇന്ന് തുടക്കം
text_fieldsമദീന: സൗദി അറേബ്യയിലെ പ്രമുഖ ഈത്തപ്പഴ ഉൽപ്പാദന കേന്ദ്രമെന്ന മദീന മേഖലയുടെ പദവി വിളിച്ചോതിക്കൊണ്ട് ‘മദീന ഈത്തപ്പഴ സീസൺ 2026’ന് തിങ്കളാഴ്ച തുടക്കമാകും. മദീന സെൻട്രൽ ഈത്തപ്പഴ മാർക്കറ്റിൽ നടക്കുന്ന ഈ വിപണന മേള വരാനിരിക്കുന്ന ആഗസ്റ്റിൽ ആദ്യം വരെ സന്ദർശകരെ സ്വീകരിക്കും. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തിക്കാട്ടുന്നതിനൊപ്പം ഈത്തപ്പഴ സംസ്കാരത്തെ പരിചയപ്പെടുത്തുന്ന സമഗ്രമായ അനുഭവമായിരിക്കും ഈ സീസൺ സമ്മാനിക്കുക. മദീനയുടെ സാംസ്കാരിക സ്വത്വവും ഈന്തപ്പനകളുമായുള്ള ചരിത്രപരമായ ബന്ധവും അടയാളപ്പെടുത്തുന്ന ഈ മേള, സാമ്പത്തിക-സാംസ്കാരിക-പൈതൃക വശങ്ങളെ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
കർഷകർക്കും ഉൽപാദകർക്കും തങ്ങളുടെ ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും പ്രദർശിപ്പിക്കുന്നതിനും വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള മികച്ച വേദികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മേളയുടെ പ്രധാന ആകർഷണമായി ദിവസേനയുള്ള ഈത്തപ്പഴ ലേലങ്ങൾ നടക്കും. ഇതിന് പുറമെ ഈന്തപ്പന ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകളും, ഈന്തപ്പനയോലകൾ ഉപയോഗിച്ചുള്ള പരമ്പരാഗത കരകൗശല നിർമാണ പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും.
മദീനയുടെ തനത് പൈതൃകത്തിെൻറ ആധികാരികതയും ഈ മേഖലയുടെ സാമ്പത്തിക പുരോഗതിയും വ്യക്തമാക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈത്തപ്പഴ മേഖലയുടെ വികസനം ഉറപ്പാക്കാനും, അതിെൻറ സാമ്പത്തിക മൂല്യം വർധിപ്പിക്കാനും, മദീന ഈത്തപ്പഴങ്ങളുടെ സവിശേഷമായ ഗുണനിലവാരം ആഗോളതലത്തിൽ എത്തിക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സീസൺ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയിലെ നിക്ഷേപ സാധ്യതകൾ വൈവിധ്യവത്കരിക്കുന്നതിനൊപ്പം സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ സംരംഭം ഏറെ സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

