മദീന ബസ് ദുരന്തം: രക്ഷപ്പെട്ട യാത്രക്കാരന്റെ ബന്ധുവിനെ സൗദി തിരിച്ചയച്ചു
text_fieldsപ്രതീകാത്മക ചിത്രം
മദീന: മദീനയിലുണ്ടായ ബസ് ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ മുഹമ്മദ് അബ്ദുൽ ശുഹൈബിനെ സഹായിക്കാൻ മദീനയിലെത്തിയ അദ്ദേഹത്തിന്റെ ബന്ധുവിനെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. ശുഹൈബിന്റെ പിതാവിന്റെ സഹോദരപുത്രനായ ശൈഖ് ഇബ്രാഹിം അഹമ്മദിനെയാണ് പഴയൊരു തൊഴിൽ കേസിനെത്തുടർന്ന് മദീന വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും പിന്നീട് ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തത്.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇദ്ദേഹത്തെ തടഞ്ഞത്. ഒമ്പത് വർഷം മുമ്പ് സൗദിയിൽ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് ഇദ്ദേഹത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്നു. ഇതുമൂലം ഇദ്ദേഹത്തിന് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ കണ്ടെത്തി. തുടർന്നാണ് പ്രവേശനാനുമതി നിഷേധിച്ച് തിരിച്ചയച്ചത്.
അപകടത്തിൽ മരിച്ച ശുഹൈബിന്റെ മാതാപിതാക്കളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധനക്കും തുടർന്ന് നടക്കുന്ന ഖബറടക്ക ചടങ്ങുകൾക്കും സഹായിക്കാനായാണ് ഇബ്രാഹിം സൗദിയിലെത്തിയത്. അപകടത്തിൽ ശുഹൈബിന്റെ മാതാപിതാക്കളടക്കം 45 പേരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ശുഹൈബ് ഇപ്പോൾ മദീനയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

