പ്രവാസി രക്ഷിതാക്കൾ ആശങ്കയിൽ; വിദേശത്ത് പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികളുടെ
text_fieldsദമ്മാം: കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയിട്ട കേരളത്തിലെ മെഡിക്കൽ കോളജുകൾ വിദ്യാർഥികൾക്കായി ജൂലൈ ഒന്നുമുതൽ തുറക്കാൻ തീരുമാനമുണ്ടായപ്പോഴും വിദേശ രാജ്യങ്ങളിൽ മെഡിക്കൽ പഠനം നടത്തുന്ന മലയാളി വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിൽ. ഇന്ത്യയിൽ കോവിഡ് പടരുന്നതിന് മുമ്പായി എത്തിയ നിരവധി വിദ്യാർഥികൾക്ക് എന്ന് പഠനം ആരംഭിക്കുമെന്ന് പ്രവചിക്കാൻ പോലും കഴിയുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ വേണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
ചൈന, യു െക്രയിൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ അധികവും കേരളത്തിൽ നിന്നുള്ള ഗൾഫ് മലയാളികളുടെ മക്കളാണ്. ചൈനയിലെ ഡാലി യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിൽനിന്നുള്ള 28,000 കുട്ടികളാണ് മെഡിക്കൽ പഠനം നടത്തുന്നത്്. 2020 ഫെബ്രുവരിയിലാണ് ഈ കുട്ടികൾ ഇന്ത്യയിലേക്ക് മടങ്ങിവന്നത്.
ജോർജിയയിലെ മാൾഡോവ യൂനിവേഴ്സിറ്റിയിൽ മാത്രം 2,000ത്തോളം മലയാളികളുണ്ട്. ഇത്രത്തോളം തന്നെ ഫിലിപ്പീൻസിലും യു െക്രയിനിലുമൊക്കെ പഠിക്കുന്നുണ്ട്. ഇവരുടെ മടങ്ങിപ്പോക്കിന് നടപടി ഉണ്ടായില്ല എന്നതാണ് ഇവരെ സമ്മർദത്തിലാക്കുന്നത്. വിദേശങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടവർ വിവരങ്ങൾ ഓൺൈലൻ വഴി രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വന്നിട്ട് മാസങ്ങൾ കഴിഞ്ഞു. രണ്ടും മൂന്നും പ്രാവശ്യമൊക്കെ രജിസ്റ്റർ ചെയ്തവർ ഇനിയും കാത്തിരിപ്പിലാണ്. ചൈനയിൽ ഇതിനകം 100 കോടിയിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചു എന്നാണ് ഭരണകൂടം അറിയിച്ചത്. ഈ സാഹചര്യത്തിൽ ഉഭയ കക്ഷി ചർച്ച നടത്താൻ ഇന്ത്യൻ സർക്കാർ തയാറായാൽ മടങ്ങിപ്പോക്ക് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.
കടുത്ത മാനസിക സമർദമാണ് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്നതെന്നും വിലപ്പെട്ട വർഷം നഷ്ടപ്പെടുന്നതും സാമ്പത്തിക ബാധ്യതയുമൊക്കെ ഇതിന് കാരണമാണെന്നും ചൈനയിൽ പഠിക്കുന്ന കുട്ടികളുടെ പ്രതിനിധിയായ സൗദിയിലെ മലയാളി രക്ഷിതാവ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തങ്ങൾക്കുവേണ്ടി സംസാരിക്കാൻ പോലും ആരുമില്ല എന്നതാണ് വലിയ പ്രശ്നമെന്ന് ജോർജിയയിൽ പഠിക്കുന്ന അൻഷാദ് പറഞ്ഞു. ഈ വിഷയം അധികാരികൾ ഗൗരവമായി എടുത്തില്ലെങ്കിൽ വിദ്യാർഥികൾക്കിടയിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് താൻ കരുതുന്നതെന്നും അൻഷാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

