മീഡിയവൺ സൂപ്പർ കപ്പ്; റിയാദിലും ജിദ്ദയിലും ട്രോഫി, ഫിക്സ്ച്ചർ പ്രകാശനം
text_fieldsജിദ്ദയിൽ ഫിക്ചർ, ട്രോഫി പ്രകാശന ചടങ്ങ് വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
റിയാദ് / ജിദ്ദ: ഫുട്ബാൾ ആസ്വാദകർക്ക് ആവേശമേകി 'മീഡിയവൺ സൂപ്പർ കപ്പി'ന്റെ നാലാമത് സീസൺ റിയാദിലും ആദ്യ സീസൺ ജിദ്ദയിലും ഉടൻ നടക്കാനിരിക്കെ ഇരു നഗരങ്ങളിലും ടൂർണമെന്റിന്റെ ട്രോഫി, ഫിക്സ്ച്ചർ പ്രകാശന ചടങ്ങുകൾ നടന്നു. ഒക്ടോബർ 23, 24 തീയതികളില്‍ ജിദ്ദ ഒളിംപിക് വില്ലേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'മീഡിയവൺ സൂപ്പർ കപ്പ്' മത്സരങ്ങളില്‍ എട്ട് ടീമുകള്‍ മാറ്റുരക്കും.
സീസണ്‍സ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ട്രോഫി, ഫിക്സ്ച്ചർ പ്രകാശന ചടങ്ങ് ജിദ്ദ നാഷനല്‍ ആശുപത്രി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു. ടൂർണമെന്റിന്റെ ട്രോഫി പ്രകാശനം കാഫ് ലോജിസ്റ്റിക്സ് കമ്പനി സി.ഇ.ഒ അനീസ് മന്നത്തൻ, മീഡിയവൺ സൗദി ഓപറേഷൻസ് മാനേജർ സി.എച്ച്. റാഷിദ് എന്നിവർ ചേർന്ന് നിർവഹിച്ചു. ടൂർണമെന്റിലെ മത്സരക്രമങ്ങൾ പ്രായോജക പ്രതിനിധികളുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. ഒക്ടോബർ 23ന് വ്യാഴാഴ്ച ടൂർണമെന്റിലെ ആദ്യ നാല് ലീഗ് മത്സരങ്ങൾ അരങ്ങേറും. ആദ്യ മാച്ചിൽ അൽഗർനി പ്ലാസ്റ്റിക്, വെൽ കണക്ട് എഫ്.സിയെ നേരിടുമ്പോൾ, രണ്ടാമത്തെ മത്സരത്തിൽ അബീർ സലാമത്തക് എഫ്.സിക്ക് എതിരാളികൾ അറബ് ഡ്രീംസ് ആണ്. മൂന്നാമത്തെ പോരാട്ടത്തിൽ റീം എഫ്.സി, ഡെക്സോപാക്കിനെ നേരിടും. അൽ അംരി ഗ്രൂപ്പ് തബൂക്കും എച്ച്.എം.ആർ എവർ ഗ്രീനുമാണ് നാലാമത്തെ മത്സരത്തിൽ ഏറ്റുമുട്ടുക.
റിയാദിൽ മീഡിയവൺ സൂപ്പർ കപ്പ് നാലാമത് സീസൺ ഫിക്ചറും ട്രോഫിയും അനാഛാദനം ചെയ്തപ്പോൾ
നയൻസ് അടിസ്ഥാനത്തിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക. 24 ന് വെള്ളിയാഴ്ച രണ്ട് സെമിഫൈനലുകളും തുടർന്ന് കലാശപ്പോരാട്ടമായ ഫൈനലും നടക്കും. രണ്ടു ദിവസങ്ങളിലുമായി കുട്ടികളുടെ രണ്ട് സൗഹൃദ മത്സരങ്ങളും നടക്കുന്നുണ്ട്. കുട്ടികളുടെ മത്സരങ്ങൾ ഇലവൻസ് അടിസ്ഥാനത്തിലായിരിക്കും.
ട്രോഫി ലോഞ്ചിങ് ചടങ്ങിൽ കാഫ് ലോജിസ്റ്റിക്സ് റീജനൽ മാനേജർ അജ്മൽ നാസർ, ഐവ ഫുഡ്സ് മാനേജിങ് ഡയറക്ടർ സമീർ ബാബു ആനപ്പട്ടത്ത്, ജയ് മസാല സെയിൽസ് മാനേജർ അഭിലാഷ്, ബദർ അൽ തമാം ക്ലിനിക് മാർക്കറ്റിങ് ഡയറക്ടർ ഡോ. കെ.എം അഷ്റഫ്, നോമിസോ ടെക്നോളജി സി.ഇ.ഒ റാഹിൽ നാസിം, യൂറോതെറം റീജനൽ മാനേജർ ഇജാസ്, സഹീറുദ്ദീൻ ഷിഫ ജിദ്ദ എന്നിവർ പങ്കെടുത്തു.
മീഡിയവൺ സാരഥികളായ നജുമുദ്ദീൻ, ഫസൽ മുഹമ്മദ്, സിഫ് സെക്രട്ടറി അബു കാട്ടൂപ്പാറ എന്നിവർ ആശംസകൾ നേർന്നു. മത്സരങ്ങളുടെ നിയമങ്ങളും നിബന്ധനകളും ടെക്നിക്കൽ കമ്മിറ്റി കൺവീനർ യൂസുഫലി കൂട്ടിൽ വിശദീകരിച്ചു. ജമാൽപാഷ, മിർസ ശരീഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ അബ്ഷിർ സ്വാഗതവും മീഡിയവൺ റിപ്പോർട്ടർ സാബിത് സലിം നന്ദിയും പറഞ്ഞു. ഫഹദ്, മുനീർ, തമീം അബ്ദുള്ള, ഫാസിൽ, നിസാർ എന്നിവർ നേതൃത്വം നൽകി.
റിയാദിൽ നടന്ന ട്രോഫി, ഫിക്സ്ച്ചർ പ്രകാശന ചടങ്ങിൽ റിയാദ് ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും ടൂർണമെന്റ് പ്രായോജകരും ക്ലബ് പ്രതിനിധികളുമടക്കം നൂറിലേറെ പേർ പങ്കെടുത്തു.
ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. കേരള ഫുട്ബാൾ അസോസിയേഷൻ അംഗീകൃത റഫറിയും തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവർന്മെന്റ് കോളജ് എച്ച്.ഒ.ഡിയുമായ ക്യാപ്റ്റൻ ശുകൂർ ഇല്ലത്ത് 'കായികരംഗത്തെ ഫിറ്റ്നസിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും പ്രാധാന്യം, ഫിഫ നിയമങ്ങളിലെ സമീപകാല മാറ്റങ്ങൾ' എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിറ്റി ഫ്ലവർ സീനിയർ മാർക്കറ്റിങ് മാനേജർ നിബിൻ, ജൗഹർ മാളിയേക്കൽ (ജന. മാനേജർ അറേബ്യൻ ആക്സസ്) എന്നിവർ ചേർന്ന് ട്രോഫി ലോഞ്ചിങ് നടത്തി.
പൗരപ്രമുഖനും വ്യവസായിയുമായ സിസ്റ്റംസ് എക്സ്പെർട് സി.ഇ.ഒ മുഹമ്മദ് അബ്ദുറഹ്മാൻ അൽ ലുഹൈദാൻ, റിഫ പ്രസിഡന്റ് ബഷീർ ചെലേമ്പ്ര, ജനറൽ സെക്രട്ടറി സൈഫു കരുളായി, ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട് എന്നിവർ ആശംസകൾ നേർന്നു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ നബീൽ പാഴൂർ ഫിക്ച്ചർ കോപ്പികൾ ക്ലബ്ബ് പ്രതിനിധികൾക്ക് കൈമാറി. ഗൾഫ് മാധ്യമം മീഡിയവൺ കോഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളായ സദ്റുദ്ദീൻ കീഴിശ്ശേരി, തൗഫീഖ് റഹ്മാൻ, സലീം മാഹി, അഫ്താബ് റഹ്മാൻ, ഇല്യാസ്, ഷാനിദ് അലി, എം.പി ഷഹ്ദാൻ തുടങ്ങിയവർ സംബന്ധിച്ചു. ഫൈസൽ കൊല്ലം, അഹ്ഫാൻ, അബ്ദുറഹ്മാൻ മൗണ്ടു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കോഓഡിനേഷൻ കമ്മിറ്റി കൺവീനർ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും അവതാരകനായ നിസാർ വാണിയമ്പലം നന്ദിയും പറഞ്ഞു. ഒക്ടോബർ 30, നവംബർ ആറ്, ഏഴ് തീയതികളിൽ റിയാദ് ദീറാബിലെ ദുർറ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ എട്ടു പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

