മീഡിയവൺ സൂപ്പർ കപ്പ്; റിയാദിൽ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായി
text_fieldsമീഡിയവൺ സൂപ്പർ കപ്പ് ഉദ്ഘാടന ചടങ്ങിൽ സി.ഇ.ഒ
മുഷ്ത്താഖ് അഹമ്മദിന്റെ നേതൃത്വത്തിൽ അതിഥികൾ
കളിക്കാരുമായി പരിചയപ്പെടുന്നു
റിയാദ്: കാൽപ്പന്ത് കളിയുടെ പോരാട്ടവീര്യവും കാല്പനിക സൗന്ദര്യവും തുടിച്ചുനിന്ന സിറ്റി ഫ്ലവർ മീഡിയവൺ സൂപ്പർ കപ്പ് സീസൺ ഫോർ ടൂർണമെന്റിലെ ആദ്യറൗണ്ട് മത്സരങ്ങൾ പൂർത്തിയായി. റിയാദ് ദീറാബ് ദുർറ സ്റ്റേഡിയത്തിൽ നാല് മത്സരങ്ങളാണ് ആദ്യ റൗണ്ടിൽ നടന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം മീഡിയവൺ സി.ഇ.ഒ മുഷ്ത്താഖ് അഹമ്മദ് നിർവഹിച്ചു.
റിഫ പ്രസിഡന്റ് ബഷീർ ചെലേമ്പ്ര, ജനറൽ സെക്രട്ടറി സൈഫു കരുളായി, ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, മീഡിയവൺ മിഡിലീസ്റ്റ് ജനറൽ മാനേജർ സ്വവാബ് അലി, യു.എ.ഇ, ഒമാൻ റീജിയനൽ ഹെഡ് ഷഫ്നാസ് അനസ്, അറേബ്യൻ ആക്സസ് എം.ഡി ജൗഹർ, ഫ്രണ്ടി സെഗ്മെന്റ് മാനേജർ ലുഖ്മാൻ സഈദ്, എസ്.ടി.സി റെമിറ്റൻസ് മാനേജർ ആസിഫ് ഹസൻ, ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സിദ്ദിഖ് ജമാൽ, കൺവീനർ അഷ്റഫ് കൊടിഞ്ഞി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വരാനിരിക്കുന്ന മീഡിയവൺ ബാഡ്മിന്റൺ ചാമ്പ്യൻസ് ഷിപ്പിന്റെ ഒഫീഷ്യൽ ലോഞ്ചിങ്ങും വേദിയിൽ നടന്നു.
പ്രഥമ സൂപ്പർ കപ്പ് ജേതാക്കളായ പ്രവാസി സ്പോർട്ടിങ് എഫ്.സിയും ലാന്റേൺ എഫ്.സിയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലാന്റേൺ എഫ്.സി വിജയിച്ചു. ലാന്റേൺ എഫ്.സിയുടെ സൽമാൻ അലിക്ക് മാച്ചിലെ കിങ് പട്ടം ലഭിച്ചു. യൂത്ത് ഇന്ത്യ എഫ്.സിയും സുലൈ എഫ്.സിയും കൊമ്പുകോർത്ത രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് യൂത്ത് ഇന്ത്യ സെമി ബർത്ത് ഉറപ്പാക്കി. നിയാസ് കളിയിലെ താരമായി. ശക്തരായ ബ്ലാസ്റ്റേഴ്സ് വാഴക്കാടും ബ്ലാക് ആൻഡ് വൈറ്റും
തമ്മിൽ നടന്ന മൂന്നാം മത്സരത്തിൽ ബ്ലാക് ആൻഡ് വൈറ്റ് താരം ശിവദാസ് നേടിയ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ പരാജയപ്പെടുത്തി. ശിവദാസ് കളിയിലെ കിങ് ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. അവസാന മത്സരത്തിൽ റിയൽ കേരളയും റോയൽ ഫോക്കസ് ലൈനും മുഴുവൻ സമയവും പോരാടിയെങ്കിലും ലക്ഷ്യം കാണാനാവാത്തതിനാൽ ടൈ ബ്രേക്കറിലൂടെ റോയൽ ഫോക്കസ് ലൈൻ വിജയികളായി. റോയൽ ഫോക്കസ് ലൈൻ താരം സൽമാൻ ഫാരിസായിരുന്നു കളിയിലെ കേമൻ.
ടൂർണമെന്റ് കമ്മിറ്റി കൺവീനർ നബീൽ പാഴൂർ, അസിസ്റ്റന്റ് കൺവീനർ ഫൈസൽ കൊല്ലം, സാങ്കേതിക സഹായികളായ അഹ്ഫാൻ, ആഷിഖ് പാലത്തിങ്ങൽ, വളന്റിയർ ക്യാപ്റ്റൻ ഹിഷാം അബൂബക്കർ, വൈസ് ക്യാപ്റ്റൻ പി.എം ജവാദ്, അഫ്താബുറഹ്മാൻ, ഇൽയാസ് (മീഡിയവൺ) എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസാർ വാണിയമ്പലം, സലീം ചാലിയം എന്നിവർ അവതാരകരായിരുന്നു. സൗദി റഫറി അലി സഹ്ദ് സാലിഹ് അൽ ദമീജ് അൽ ഖഹ്താനിയുടെ നേതൃത്വത്തിലായിരുന്നു കളിയുടെ നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

