മീഡിയവൺ സൂപ്പർ കപ്പ് ഫൈനൽ; കലാശപ്പോരിന് നിറം പകരാൻ റിസ്വാനും ഫാത്തിമ ജബ്ബാറും
text_fieldsറിസ്വാൻ,ഫാത്തിമ ജബ്ബാർ
റിയാദ്: മീഡിയവൺ സൂപ്പർ കപ്പ് കലാശപ്പോരാട്ടത്തിന് നിറം പകരാൻ ഫുട്ബാൾ കൊണ്ട് വായുവിൽ അമ്മാനമാടുന്ന ഫ്രീസ്റ്റൈൽ ഫെയിം റിസ്വാനും സോഷ്യൽ മീഡിയയിൽ തരംഗമായ ഗായിക ഫാത്തിമ ജബ്ബാറും റിയാദിലെത്തുന്നു. ദീറാബിലെ ദുർറ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന മീഡിയ വൺ സിറ്റിഫ്ലവർ സൂപ്പർ കപ്പ് ഫൈനലിലാണ് യുവതാരങ്ങളുടെ സാന്നിധ്യവും കലാകായിക പ്രകടനങ്ങളും. എല്ലാ വർഷവും ടൂർണമെൻറുകളിൽ പുതുമകൾ കൊണ്ടുവരാറുള്ള സംഘാടകർ പുതിയ അതിഥികളുമായാണ് രംഗത്ത് വരുന്നത്. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച് ആയിരുന്നു മുഖ്യാതിഥി.
തന്റെ മാന്ത്രികക്കാലുകൾ കൊണ്ട് ഫ്രീസ്റ്റൈൽ ഫുട്ബാൾ പ്രദർശനം നടത്തുന്ന റിസ്വാൻ ഇന്ന് മലയാളത്തിന്റെയും ഇന്ത്യയുടെയും അതിരുകൾ ഭേദിച്ച താരമായി വളർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഫുട്ബാൾ കഴിവുകൾ അത്ഭുതപ്പെടുത്തുന്നതാണ്. സാധാരണ പ്രഫഷനൽ താരങ്ങൾക്ക് പോലും ചെയ്യാൻ കഴിയാത്ത അഭ്യാസങ്ങൾ കാഴ്ചവെക്കുന്നു. പന്ത് കൈകളിലും മൊബൈലിൽ വെച്ചും കറക്കുന്നു. അസാധാരണമായ മെയ് വഴക്കത്തോടെ ബോൾ ഉപയോഗിച്ചുള്ള ചലനങ്ങൾ കാണികളെ അതിശയിപ്പിക്കുന്നു.
ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഒടുവിൽ അർജൻറീനിയൻ ഫുട്ബാൾ അസോസിയേഷന്റെയും മെസ്സിയുടെയും ക്ഷണം സ്വീകരിച്ച് ഖത്തർ ലോകകപ്പിലെത്തിയതും റിസ്വാന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു.
റിസ്വാന്റെ വരവ് റിയാദിലെ ഫുട്ബാൾ പ്രേമികൾക്ക് ഹരം പകരും. ഒപ്പം സോഷ്യൽ മീഡിയയിലെ ന്യൂജെൻ പാട്ടുകാരിയും ഹനാൻ ഷാ ട്രൂപ്പിലെ അംഗവുമായ ഫാത്തിമ ജബ്ബാറിെൻറ ഗാനങ്ങളും കുരുന്നുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഫൈനൽ ചടങ്ങുകൾക്ക് പൊലിമ പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

