മീഡിയവൺ 'ഹലാ ജിദ്ദ' കാർണിവൽ; ടിക്കറ്റ് വിതരണം അവസാന ഘട്ടത്തിലേക്ക്
text_fields'ഹലാ ജിദ്ദ' മഹ്ജറിലെ സെയിൽസ് പോയന്റ് 'സി മാർട്ടി'ലെ
ടിക്കറ്റ് വിൽപ്പന കെ.എം.സി.സി മഹ്ജർ മേഖല പ്രസിഡന്റ്
കരീം വള്ളിക്കുന്നിന് നൽകി തുടക്കം കുറിക്കുന്നു
ജിദ്ദ: മീഡിയവൺ ചാനൽ ഒരുക്കുന്ന സൗദിയിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായ 'ഹലാ ജിദ്ദ' മെഗാ കാർണിവലിനായി ജിദ്ദ ഒരുങ്ങുന്നു. ഡിസംബർ ആറ്, ഏഴ് തിയതികളിലായി 'ദി ട്രാക്ക് ജിദ്ദ'യാണ് വേദി. കാർണിവലിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിതരണം അവസാന ഘട്ടത്തിലേക്ക് കടന്നതായി സംഘാടകസമിതി അറിയിച്ചു.
പരിപാടിയിൽ അതിഥികളായി പങ്കെടുക്കുന്ന നൂറോളം കലാകാരന്മാർ ഈയാഴ്ച മുതൽ എത്തും. രണ്ട് ദിവസങ്ങളിലായി കേരളത്തിലെ പൂരപ്പറമ്പിനേയും ഉത്സവത്തേയും ആഘോഷങ്ങളും അനുസ്മരിപ്പിക്കും വിധമാണ് 'ഹലാ ജിദ്ദ'യുടെ ഡിസൈൻ. ജിദ്ദ മദീന റോഡിലെ റിഹേലിക്കടുത്ത 'ദി ട്രാക്കി'ൽ നാടിന്റെ പരിച്ഛേദം മീഡിയവൺ ഒരുക്കും.
ഇതിന്റെ ജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. രണ്ടു ദിവസം നാലു ബാൻഡുകളിലായി 60ലേറെ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത രാവ് 'ഹലാ ജിദ്ദ'യിലുണ്ട്. ഒപ്പം പുരുഷന്മാർക്കായി വടം വലി, പാചക, പാട്ടുപാടൽ മത്സരങ്ങളും നാട്ടിലെ നാടൻ മത്സരങ്ങളും നടക്കും.
ജിദ്ദ കൊണ്ടോട്ടി മേലങ്ങാടി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് ഹലാ ജിദ്ദ ടിക്കറ്റ് വിതരണം ചെയ്തപ്പോൾ
ബ്ലാസ്റ്റേഴ്സിന്റെ ജനകീയ കോച്ച് ഇവാൻ ആശാൻ പങ്കെടുക്കുന്ന ജിദ്ദയിലെ ടീമുകൾ അണിനിരക്കുന്ന സൂപ്പർ ഷൂട്ടൗട്ട് മത്സരത്തിലേക്കും ആവേശകരമായ കമ്പവലി മത്സരത്തിലേക്കും ജിദ്ദയിലെ 30 തോളം ടീമുകൾ അണിനിരക്കുന്നുണ്ട്. ഇതിന് പുറമെ നാടൻ മത്സരങ്ങളും ബിസിനസ് രംഗത്തുള്ളവരെ കണക്ട് ചെയ്യുന്ന ബിസിനസ് കണക്ടുമുണ്ട്.
കുട്ടികൾക്ക് കളറിങ് മത്സരം, പാട്ടു പാടൽ, പാചക മത്സരങ്ങൾ, കുട്ടി ടീമുകൾ അണി നിരക്കുന്ന ഷൂട്ടൗട്ട് മത്സരം, വിവിധ നാടൻ മത്സരങ്ങൾ, ടി.വി വാർത്ത വായിക്കൽ, വെർച്വൽ സോൺ, ഫൺ സോൺ എന്നിങ്ങനെ നിരവധിയാണ് പരിപാടികൾ. സ്ത്രീകൾക്കായി സ്റ്റാർ ഷെഫ്, പാട്ടു പാടൽ, മെഹന്ദി, വിവിധ നാടൻ മത്സരങ്ങൾ എന്നിവയുണ്ട്.
ഇതിന് പുറമെ ഷെഫ് പിള്ളയും അവതാരകനായി രാജ് കലേഷുമെത്തുന്ന ഷെഫ് തിയറ്ററുമുണ്ട്. വിവിധ മത്സരങ്ങളിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. അമ്പതോളം പരിപാടികളിലേക്ക് സൗദി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കെന്ന പ്രത്യേകതയും 'ഹലാ ജിദ്ദ'ക്കുണ്ട്.
രണ്ട് ദിവസത്തേക്ക് 25 റിയാൽ മാത്രമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 50, 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റ് നിരക്കുകൾ. കുടുംബങ്ങൾക്ക് ഫാമിലി ടിക്കറ്റ് പാക്കേജുകളും നിലവിലുണ്ട്.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും മക്ക, യാൻബു തുടങ്ങിയ സ്ഥലങ്ങളിലും https://lafeef.co/events/halajeddah എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും ടിക്കറ്റുകൾ ലഭ്യമാണ്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. നേരിട്ട് ടിക്കറ്റ് ലഭിക്കാനും മറ്റു വിവരങ്ങൾക്കും +966 572511574 എന്ന നമ്പറിൽ ബന്ധപ്പെടാം.

