ഉച്ചകോടിയിൽ മാധ്യമപങ്കാളിയായി മീഡിയവൺ
text_fieldsറിയാദ്: സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് (എഫ്.ഐ.ഐ) ഉച്ചകോടിയിൽ ഏഷ്യയിൽനിന്നുള്ള മാധ്യമപങ്കാളിയായി മീഡിയവണിനെ തിരഞ്ഞെടുത്തു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടറും ഫൗണ്ടേഷൻ ഡയറക്ടറും സഹകരണ കരാർ കൈമാറി. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ഉച്ചകോടിയിൽ അതിഥിയായി സംസാരിക്കും.
ഈ മാസം 25, 26, 27 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ടാണ് മീഡിയവണിനെ ക്ഷണിച്ചത്. മിഡിലീസ്റ്റിലുടനീളം വേരുള്ള മീഡിയവണിന്റെ ജനകീയതയാണ് ഏഷ്യയിൽനിന്നുള്ള മീഡിയ പാർട്ണറാകാൻ കാരണമായത്. ഇതിന്റെ ഭാഗമായി എഫ്.ഐ.ഐയുടെ വിവിധ സെഷനുകളിൽ മീഡിയവൺ നേരിട്ട് പങ്കാളിയാകും. ഡിജിറ്റൽ സിറ്റിയിലെ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സഹകരണ കരാർ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് സി.ഒ.ഒ റകാൻ തരബ്സോനിയും മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലനും കൈമാറി.
ലോകത്തിലെ വിവിധ ചിന്തകരും നൊബേൽ സമ്മാന ജേതാക്കളും നിക്ഷേപകരും രാഷ്ട്രത്തലവന്മാരുമെത്തുന്ന സമ്മേളനവേദിയിൽ മീഡിയവണിനായി പ്രത്യേക പവിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കും. കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാധ്യമവിഭാഗം മേധാവി റീം അൽസഊദ്, പാർട്ണർഷിപ് ഡയറക്ടർ ഫ്ലോറൻസ് ഡുബോയിസ്, മീഡിയവൺ സൗദി ഓപറേഷൻസ് ഡയറക്ടർ സലീം മാഹി, മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന എന്നിവരും ഓപറേഷൻ വിഭാഗം മേധാവികളും പങ്കെടുത്തു.
സൗദിയിലേക്ക് ആഗോള കമ്പനികളെ എത്തിക്കാനും വിവിധ ചർച്ചകൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ട് 2017ൽ തുടങ്ങിയതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ്. എല്ലാ വർഷവും സൗദി കിരീടാവകാശി നേരിട്ട് പങ്കെടുക്കുന്ന സൗദിയിലെ ഏറ്റവും വലിയ സമ്മേളനം. എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതോടെ വിവിധ വിഷയങ്ങളിലൂന്നിയാണ് ഓരോ വർഷവും സമ്മേളനം നടക്കാറുള്ളത്.
ആഗോള നിക്ഷേപ കരാറുകളും സഹായ പ്രഖ്യാപനങ്ങളും ചർച്ചകളും സംഗമിക്കുന്ന വേദിയിൽ സമ്മേളനം നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്ന ഏക ഇന്ത്യൻ ചാനലും മീഡിയവണായിരുന്നു. സമഗ്രമായ കവറേജാണ് സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള സുപ്രധാന സംഗമത്തിൽ മീഡിയവണിനെ മാധ്യമപങ്കാളിയാക്കിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

