ജിദ്ദയുടെ ചരിത്രവഴികളിലൂടെ മാധ്യമ യാത്ര പൈതൃക യാത്ര
text_fieldsജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങൾ ടൂർ ഗൈഡ് ബന്ദർ അൽഹർബിക്കും ‘അറേബ്യൻ സ്കൈ’ ട്രാവൽ മാനേജിങ് ഡയറക്ടർ നഷ് രിഫിനുമൊപ്പം
ജിദ്ദ: പുരാതന നഗരമായ ജിദ്ദയുടെ ആഴമേറിയ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മാധ്യമപ്രവർത്തകർക്കായി പൈതൃക യാത്ര സംഘടിപ്പിച്ചു. സൗദിയിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അറേബ്യൻ സ്കൈയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യാത്ര യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ജിദ്ദ ബലദിലെ ചരിത്രപ്രധാനമായ ഇടങ്ങളിലൂടെയായിരുന്നു. പ്രശസ്ത ടൂർ ഗൈഡ് ബന്ദർ അൽഹർബി നേതൃത്വം നൽകിയ യാത്ര, ഏഴാം നൂറ്റാണ്ട് മുതൽ സൗദി അറേബ്യയുടെ സാംസ്കാരിക അടയാളമായി നിലകൊള്ളുന്ന ജിദ്ദയുടെ പഴയകാല പ്രതാപത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.ലോകത്ത് മറ്റെവിടെയും കാണാത്ത വിധം മനോഹരമായ കൊത്തുപണികളാൽ സമ്പന്നമായ ‘റൗശൻ’ ജാലകങ്ങളുടെ നിർമാണ വൈദഗ്ധ്യവും അവയുടെ ചരിത്രവും യാത്രയിൽ വിശദീകരിക്കപ്പെട്ടു. ചെങ്കടലിൽ നിന്നുള്ള പവിഴപ്പുറ്റുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ച് നിർമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള നസീഫ് ഹൗസ്, ശർബത്ലി ഹൗസ് എന്നിവയുടെ പ്രൗഢി മാധ്യമസംഘം നേരിട്ടറിഞ്ഞു.
ജിദ്ദയിലെ ഏറ്റവും പഴയ വിപണിയായ ബാബ് മക്കയിലെ സൂഖ് അൽബദവി, സൂഖ് അൽഅലവി, പുരാതന പള്ളികളായ ഇമാം ശാഫി മസ്ജിദ്, ഉസ്മാൻ ബിൻ അഫ്ൻ പള്ളി (അബൂബക്ർ പള്ളി) എന്നിവയുടെ ചരിത്രരേഖകളും യാത്രയിൽ അനാവരണം ചെയ്യപ്പെട്ടു.സൗദിയുടെ ദേശീയ ഗാനത്തിന് സംഗീതം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച വിഖ്യാത സംഗീതജ്ഞൻ താരിഖ് അബ്ദുൽ ഹക്കീമിെൻറ സ്മരണാർഥമുള്ള മ്യൂസിയം സന്ദർശനം സംഘത്തിന് നവ്യാനുഭവമായി. അദ്ദേഹത്തിെൻറ സ്വകാര്യ ശേഖരത്തിലെ സംഗീത ഉപകരണങ്ങൾ, പഴയ റെക്കോഡിങ്ങുകൾ, പുരസ്കാരങ്ങൾ എന്നിവക്കൊപ്പം പരമ്പരാഗത സൗദി സംഗീതത്തിെൻറ പരിണാമം വ്യക്തമാക്കുന്ന ഓഡിയോ-വിഷ്വൽ പ്രദർശനങ്ങളും അവിടെ ഒരുക്കിയിരുന്നു.
2025 ഡിസംബർ ആറിന് പ്രവർത്തനമാരംഭിച്ച റെഡ് സീ മ്യൂസിയവും സന്ദർശിച്ചു. പഴയകാലത്ത് ഹാജിമാരുടെയും വ്യാപാരികളുടെയും പ്രവേശന കവാടമായിരുന്ന ബാബ് അൽബുന്ത് കെട്ടിടത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഹിജാസി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായ ഈ കെട്ടിടത്തിലെ 23 ഗാലറികളിലായി ആയിരത്തിലധികം പുരാവസ്തുക്കളും ഭൂപടങ്ങളും നാവിക ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ചെങ്കടലിെൻറ ആവാസവ്യവസ്ഥയെയും സമുദ്ര പാരമ്പര്യത്തെയും കുറിച്ചുള്ള വിജ്ഞാനപ്രദമായ കാഴ്ചകൾ മാധ്യമപ്രവർത്തകർക്ക് പുതിയ അറിവായി.ജിദ്ദയുടെ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ച യാത്രയിൽ അറേബ്യൻ സ്കൈ മാനേജിങ് ഡയറക്ടർ നഷ്രിഫ്, അജ്മൽ എന്നിവരും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളായ പ്രസിഡൻറ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി, ട്രഷറർ സുൽഫിക്കർ ഒതായി, വൈസ് പ്രസിഡൻറ് വഹീദ് സമാൻ, ജോയൻറ് സെക്രട്ടറി ഗഫൂർ മമ്പുറം എന്നിവരും പങ്കെടുത്തു. മീഡിയ ഫോറം അംഗങ്ങളായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഹസൻ ചെറൂപ്പ, ബിജു രാമന്തളി, എ.എം. സജിത്ത്, ഇബ്രാഹിം ഷംനാട്, എൻ.എം. സ്വാലിഹ് എന്നിവരും യാത്രയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

