റിയാദിൽ മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് വ്യഴാഴ്ച തുടക്കം
text_fieldsറിയാദ്: മീഡിയവൺ സിറ്റിഫ്ലവർ സൂപ്പർ കപ്പ് സീസൺ നാല് മത്സരങ്ങൾക്ക് റിയാദിൽ ഒക്ടോബർ 30ന് വ്യാഴാഴ്ച തുടക്കമാവും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റ് ദീറാബ് ദുർറ സ്റ്റേഡിയത്തിലാണ് നടക്കുക. വ്യാഴാഴ്ച രാത്രി 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. നവംബർ ആറ്, ഏഴ് ദിവസങ്ങളിൽ തുടർ മത്സരങ്ങളും നടക്കും. എട്ട് ടീമുകളും ഏഴ് മത്സരങ്ങളും 100ഓളം ഫുട്ബാൾ താരങ്ങളും അണിനിരക്കുന്ന നാലാമത് സീസൺ ഇലവൻസ് ഫോർമാറ്റിൽ നോക്ഔട്ട് അടിസ്ഥാനത്തിലാണ് നടക്കുക.
റിയാദിലെ ഏറ്റവും നല്ല കാലാവസ്ഥയിൽ കളിക്കാർക്ക് മികച്ച കളി പുറത്തെടുക്കാനും കാണികൾക്ക് നല്ല രീതിയിൽ ഫുട്ബാൾ ആസ്വദിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. റിയാദിലെ മുൻനിര ടൂർണമെന്റുകളിലൊന്നായ മീഡിയവൺ സൂപ്പർ കപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഏറെ വാശിയോടെയാണ് ടീമുകൾ അങ്കത്തിനിറങ്ങുന്നത്. പ്രവാസി സ്പോർട്ടിങ് എഫ്.സി, ലാന്റേൺ എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, ബ്ലാക് ആൻഡ് വൈറ്റ് റിയാദ്, യൂത്ത് ഇന്ത്യ എഫ്.സി റിയാദ്, സുലൈ എഫ്.സി, റിയൽ കേരള എഫ്.സി, റോയൽ ഫോക്കസ് ലൈൻ എഫ്.സി ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
നാട്ടിൽനിന്നും സൗദിയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള അതിഥി കളിക്കാരെ അണിനിരത്തി പോർമുഖം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റുകൾ. ജോലിക്കിടയിലും നെറ്റ് പ്രാക്ടിസും റഗുലർ എക്സർസൈസുമായി കളിക്കാരും പ്രകടനം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. കളിപ്രേമികളാകട്ടെ അടുത്ത മൂന്ന് വാരാന്ത്യത്തിലെ അവധി ദിനങ്ങൾ കാൽപ്പന്തിനോടൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

