മീഡിയവൺ സൂപ്പർകപ്പ് 2025ന് ഇന്ന് യാംബുവിൽ തുടക്കം
text_fieldsയാംബു: ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ മീഡിയവൺ സൂപ്പർ കപ്പ് സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച യാംബുവിൽ കൊടിയേറും. രാത്രി 8.30ന് യാംബു റദ്വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മീഡിയവൺ ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്’ യാംബു എഡിഷൻ രണ്ടാമത് പുരസ്കാര വിതരണ ചടങ്ങോടെയാണ് ഫുട്ബാൾ മേളക്ക് തുടക്കം കുറിക്കുക.
യാംബുവിലെ ഇന്റർനാഷനൽ സ്കൂളുകളിൽനിന്ന് 10ാം ക്ലാസിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയാണ് മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പരിപാടിയിൽ ആദരിക്കുന്നത്. സ്കൂൾ വിദ്യാർഥികളും മലർവാടി ബാലസംഘം കുരുന്നുകളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഫൺ ഗെയിമുകളും സംഘടിപ്പിക്കുന്നുണ്ട്. 11.30ന് ആരംഭിക്കുന്ന ഫുട്ബാൾ മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടന നേതാക്കളും ബിസിനസ് മേഖലയിലെ പ്രമുഖരും മീഡിയവൺ ചാനൽ പ്രതിനിധികളും ഇന്റർനാഷനൽ സ്കൂൾ പ്രതിനിധികളും പങ്കെടുക്കും. യാംബുവിലെ പ്രമുഖരായ 10 ടീമുകളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരക്കുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടിന് സെമി ഫൈനൽ മത്സരവും തുടർന്ന് ഫൈനൽ മത്സരവും നടക്കും. ഫുട്ബാൾ മാമാങ്കത്തോടനുബന്ധിച്ച് വിവിധ കലാപ്രകടനങ്ങളും വേദിയിൽ അരങ്ങേറും. യാംബുവിലെ ഫുട്ബാൾ പ്രേമികളും മലയാളി കുടുംബങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മത്സരത്തിനുള്ള ഒരുക്കം പൂർത്തിയായതായും ജനറൽ കൺവീനർ ഇൽയാസ് വേങ്ങൂർ, പ്രോഗ്രാം കൺവീനർ നൗഷാദ് വി. മൂസ, വളന്റിയർ ക്യാപ്റ്റൻ സുനിൽ ബാബു ശാന്തപുരം, മീഡിയവൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ്, മീഡിയ സൊലൂഷൻസ് സീനിയർ ഓഫീസർ മിസ്അബ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

