മാധ്യമങ്ങൾ കാലത്തിന്റെ സാക്ഷിയാകണം -ബി.വി പവനൻ
text_fields ‘ഒ.ഐ.സി.സി ഗസ്റ്റ് ലെൻസ്’ പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.വി പവനൻ മുഖ്യ പ്രഭാഷണം നടത്തുന്നു
റിയാദ്: സമൂഹത്തിലെ മാറ്റങ്ങൾ അടയാളപ്പെടുത്താനും ജനങ്ങളുടെ ശബ്ദമായി മാറാനും കാലത്തിന്റെ സാക്ഷിയാകാനും മാധ്യമങ്ങൾക്ക് കഴിയണമെന്ന് മുതിർന്ന പത്രപ്രവർത്തകനും രമേശ് ചെന്നിത്തലയുടെ മുൻ പ്രസ് സെക്രട്ടറിയുമായ ബി.വി പവനൻ പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ‘ഗസ്റ്റ് ലെൻസ്’ പരിപാടിയിൽ ‘മാധ്യമം, കാലം, സമൂഹം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും വാർത്താലോകത്തെ മാറ്റിയെങ്കിലും, സത്യാന്വേഷണം, വസ്തുനിഷ്ഠത, സാമൂഹിക പ്രതിബദ്ധത എന്നിവയിൽ മാറ്റം വരരുത്. ചരിത്രം രേഖപ്പെടുത്തുന്നതും ചിന്തകളെ സ്വാധീനിക്കുന്നതുമായ മാധ്യമങ്ങൾക്ക് വാർത്തകളുടെ വേഗതയേക്കാൾ വിശ്വാസ്യതയും ആധികാരികതയുമാണ് പ്രധാനം. സമൂഹ മാധ്യമങ്ങളുടെ വ്യാപനം വ്യാജവാർത്തകൾക്കും അർധസത്യങ്ങൾക്കും വഴിവെക്കുന്ന ഇക്കാലത്ത്, വസ്തുതകൾ പരിശോധിച്ച് ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തം പരമ്പരാഗത മാധ്യമങ്ങൾക്കുണ്ട്.
വാർത്തകൾ റീലുകളായി മാറുന്ന ഇക്കാലത്തും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുമുള്ള ധൈര്യം കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണ്. മുൻകാലങ്ങളിൽ തെറ്റുകൾ സംഭവിച്ചാൽ പത്രങ്ങൾ തിരിച്ചുവിളിച്ചുപോലും തിരുത്തിയിരുന്നുവെങ്കിൽ, ഇന്ന് അതിന് പലരും തയ്യാറാകാത്തത് ആശങ്കാജനകമാണ്. മുപ്പത് വയസ്സിൽ താഴെയുള്ളവരിൽ പത്രവായന കുറയുന്നുണ്ടെങ്കിലും യുവാക്കൾ പുസ്തകങ്ങൾ വായിക്കുന്നത് ആശ്വാസകരമാണ്.
ഡൽഹിയിലെ സി.ജെ.പി സമരം പരാമർശിച്ച അദ്ദേഹം, റീലുകളും സോഷ്യൽ മീഡിയയും ആശയവിനിമയത്തെ സ്വാധീനിക്കുമ്പോഴും വാർത്തകളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ബി.വി. പവനൻ വ്യക്തമാക്കി. ബത്ഹ സബർമതിയിൽ നടന്ന പരിപാടി ഒ.ഐ.സി.സി നാഷനൽ ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രസംഗം നടത്തി. ബി.വി പവനനെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട് മുഖ്യാതിഥിക്കുള്ള ഉപഹാരം സമ്മാനിച്ചു.
ബി.വി പവനൻ രചിച്ച ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികൾ’ എന്ന പുസ്തകം യഹിയ കൊടുങ്ങല്ലൂർ അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങി. നവാസ് വെള്ളിമാട്കുന്ന്, അബ്ദുല്ല വല്ലാഞ്ചിറ, മാധ്യമപ്രവർത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ് മേച്ചേരി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജോയിൻറ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. ചോദ്യോത്തരവേളക്ക് ഷുക്കൂർ ആലുവ, സൈഫ് കായംകുളം, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, അസ്ക്കർ കണ്ണൂർ, സന്തോഷ് ബാബു കണ്ണൂർ, ഒമർ ഷരീഫ്, ഷമീർ മാളിയേക്കൽ, ഷബീർ വരിക്കാപള്ളി, അൻസാർ വർക്കല, ഷിബു ഉസ്മാൻ, ജംഷിദ് തുവ്വൂർ, ഷംസീർ പാലക്കാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

