‘മക്ക കരാർ’ ഇസ്‍ലാമിക ഐക്യം ശക്തിപ്പെടുത്തും; വെല്ലുവിളികൾ നേരിടാൻ കരുത്താകും: സൽമാൻ രാജാവ്
text_fieldsറിയാദ്: സൗദി അറേബ്യയും തുർക്കിയയും പാകിസ്താനും ഒപ്പുവെച്ച സംയുക്ത പ്രതിരോധത്തിനുള്ള ‘മക്ക കരാർ’ ഇസ്‍ലാമിക ഐക്യം ദൃഢമാക്കാനും പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള പരിശ്രമങ്ങൾക്ക് കരുത്തുപകരാനും സഹായിക്കുമെന്ന് സൽമാൻ രാജാവ് പ്രസ്താവിച്ചു. ജിദ്ദയിൽ തെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷരീഫ്, തുർക്കിയ പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ എന്നിവർ ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാറിനെ’ സൽമാൻ രാജാവ് പ്രത്യേകം പ്രശംസിച്ചു. വിജയകരമായി ഉച്ചകോടി സംഘടിപ്പിച്ചതിൽ പങ്കാളികളായ മൂന്ന് രാജ്യങ്ങളിലെയും ഭരണനേതാക്കൾക്ക് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
സൗദി അറേബ്യ, പാകിസ്താൻ, തുർക്കിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധത്തിെൻറയും, സഹോദര രാഷ്ട്രങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന താൽപ്പര്യങ്ങളുടെയും പ്രതിഫലനമാണ് ഈ ഉച്ചകോടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ദൃഢമാക്കുന്ന ദീർഘകാല പ്രതിരോധ പങ്കാളിത്ത ചട്ടക്കൂടിന് ഉച്ചകോടി രൂപം നൽകി.
പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനും ഇത് ഏറെ സഹായകരമാകും. മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയുമുള്ള ഭാവി ഉറപ്പാക്കാൻ ഈ മുന്നേറ്റം വഴിതുറക്കുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര സമുദ്ര യാത്രക്കുള്ള സ്വാതന്ത്ര്യത്തിനും ഭീഷണിയുയർത്തുന്ന ഹൂതി സായുധ വിഭാഗങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പുറപ്പെടുവിച്ച പ്രസ്താവനയെ സൗദി മന്ത്രിസഭ തത്വത്തിൽ സ്വാഗതം ചെയ്തു.
രാജ്യത്തിെൻറ സുരക്ഷയും ആസ്തികളും സംരക്ഷിക്കാൻ സൗദിക്കുള്ള പൂർണ അവകാശം യോഗം ആവർത്തിച്ചു വ്യക്തമാക്കി. യമനിലെ നിയമപരമായ സർക്കാരിനും അവിടുത്തെ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള യു.എൻ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണ തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
ജറുസലേമിനെയും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനായി ജോർഡാനിലെ അമ്മാനിൽ ചേർന്ന മന്ത്രിതല യോഗത്തിലെ തീരുമാനങ്ങളെ സൗദി മന്ത്രിസഭ അഭിനന്ദിച്ചു. ജറുസലേമിെൻറ ചരിത്രപരവും നിയമപരവുമായ പദവി മാറ്റിയെഴുതാനോ ഐഡൻറിറ്റിക്ക് ഭംഗം വരുത്താനോ ഉള്ള എല്ലാ ശ്രമങ്ങളെയും പൂർണമായും തള്ളിക്കളയുന്നതായി യോഗം വ്യക്തമാക്കി.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ തുടരുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാനും, ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ റിയാദിൽ നടക്കുന്ന യുനെസ്കോയുടെ നാലാമത് ‘ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എത്തിക്സ് ഫോറത്തിന്’ ആതിഥേയത്വം വഹിക്കാൻ സൗദി ഒരുങ്ങുന്നത് രാജ്യത്തിെൻറ വർദ്ധിച്ചുവരുന്ന ആഗോള പദവിയുടെ തെളിവാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.
കൂടാതെ, അന്താരാഷ്ട്ര ആണവ വൈദ്യശാസ്ത്ര ഒളിമ്പ്യാഡ് വിജയകരമായി സംഘടിപ്പിച്ചതിലും സൗദി വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചതിലും മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു. ആഗോളതലത്തിൽ ഉന്നത ശാസ്ത്ര മേളകൾക്ക് ആതിഥ്യമരുളാൻ സൗദി കൈവരിച്ച ശേഷിയുടെയും, പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന സൗദി വിഷൻ 2030-െൻറ വിജയത്തിെൻറയും ഉദാഹരണമാണ് ഈ നേട്ടമെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

