‘മക്ക സംയുക്ത പ്രതിരോധ കരാർ’ സ്വന്തം പ്രതിരോധത്തിനാണ്, അല്ലാതെ ഒരു രാജ്യത്തിനും എതിരെയല്ല
text_fieldsതുർക്കിയ പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ആഗസ്റ്റ് ഏഴിന് ഒപ്പുവെച്ച ചരിത്രപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ നടപ്പാക്കുന്നതിനുള്ള പ്രായോഗിക നടപടികളുടെ പുതിയ വിശദാംശങ്ങൾ തുർക്കിയ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
ഈ കരാർ പൂർണമായും പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഏതെങ്കിലും പ്രത്യേക രാജ്യത്തെയോ എതിരാളിയെയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനൊപ്പം മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം വികസിപ്പിക്കുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം.
പ്രതിരോധ, സുരക്ഷാ മേഖലകളിലെ സൗഹൃദ-സാഹോദര്യ ബന്ധങ്ങൾക്ക് സുസ്ഥിരമായ ഒരു സംഘടനാപരമായ അടിത്തറ പാകാൻ ഈ കരാറിലൂടെ സാധിക്കും.
സംയുക്ത പരിശീലനം
പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ, ജനറൽ സ്റ്റാഫ് മേധാവികൾ, സായുധ സേനാ മേധാവികൾ എന്നിവരടങ്ങുന്ന തന്ത്രപരമായ രാഷ്ട്രീയ, സൈനിക സംവിധാനത്തിെൻറ രൂപവത്കരണം കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് മൂന്ന് രാജ്യങ്ങൾക്കുമിടയിൽ ഉയർന്ന തലത്തിലുള്ള ഏകോപനം സാധ്യമാക്കും.
കമാൻഡ് സെൻറർ അഭ്യാസങ്ങൾ, ഫീൽഡ് പരിശീലനങ്ങൾ എന്നിവ മുതൽ കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ വിഭാഗങ്ങളും റിമോട്ട് സംവിധാനങ്ങളും പങ്കാളികളാകുന്ന വിശാലമായ സംയുക്ത യുദ്ധാഭ്യാസങ്ങൾ വരെ ഘട്ടംഘട്ടമായി നടപ്പാക്കും. പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ആവശ്യങ്ങളും ദൗർബല്യങ്ങളും തിരിച്ചറിയാനും, സന്നദ്ധതയും സംയുക്ത പ്രവർത്തന ശേഷിയും വർധിപ്പിക്കാനും ഇത് സഹായിക്കും.
പ്രതിരോധ വ്യവസായം
പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം കരാറിെൻറ പ്രധാന തൂണുകളിലൊന്നാണ്. സൈനിക ഉൽപന്നങ്ങളുടെയും സംവിധാനങ്ങളുടെയും കൈമാറ്റത്തിന് പുറമെ, സംയുക്ത വികസനവും ഉൽപാദനവും, സാങ്കേതിക സഹകരണവും, സുസ്ഥിരമായ അറ്റകുറ്റപ്പണികളും ലോജിസ്റ്റിക് പിന്തുണയും കരാറിെൻറ ഭാഗമാണ്. റിമോട്ട് സംവിധാനങ്ങൾ, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറകൾ, നിർമ്മിത ബുദ്ധി പിന്തുണയുള്ള സാങ്കേതികവിദ്യകൾ എന്നിവ മുൻഗണനാ സഹകരണ മേഖലകളിൽ ഉൾപ്പെടുന്നു. ഇത് മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ ശേഷി ആധുനിക സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി വർധിപ്പിക്കും.
അന്താരാഷ്ട്ര പ്രാധാന്യം
മക്ക സംയുക്ത പ്രതിരോധ കരാർ നാറ്റോയ്ക്ക് പകരക്കാരനോ അതിനോട് മത്സരിക്കുന്ന ഒന്നോ അല്ലെന്നും, മറിച്ച് പ്രാദേശിക സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന് പൂരകമായി പ്രവർത്തിക്കുന്ന ഒന്നാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാഥമിക ക്രമീകരണങ്ങളും ധാരണകളും പൂർത്തിയായ ശേഷം ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക് കരാറിെൻറ ഭാഗമാകാൻ അവസരമൊരുങ്ങും. സമാധാനകാലത്ത് ഫലപ്രദമായി പ്രവർത്തിക്കുകയും, സാധ്യതയുള്ള പ്രതിസന്ധികളെ നേരിടാൻ സജ്ജമായിരിക്കുകയും, ആവശ്യമുള്ള ഘട്ടങ്ങളിൽ വ്യക്തമായ സൈനിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്ന ശക്തമായ ഒരു പ്രാദേശിക പ്രതിരോധ സംവിധാനം രൂപവത്കരിക്കുകയാണ് ഇതിലൂടെ ആത്യന്തികമായി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

