മക്ക സംയുക്ത പ്രതിരോധ കരാർ പ്രാബല്യത്തിൽ; സൗദിയിൽ സൈനികവിന്യാസം ഉറപ്പാക്കാൻ സൗദി, പാകിസ്താൻ, തുർക്കിയ തീരുമാനം
text_fieldsമക്ക പ്രതിരോധ സഖ്യത്തിന്റെ റിയാദിലെ അടിയന്തര യോഗത്തിൽ സൗദി, പാകിസ്താൻ, തുർക്കിയ പ്രതിരോധ മന്ത്രിമാർ പങ്കെടുത്തപ്പോൾ
റിയാദ്: സൗദി അറേബ്യ നേരിടുന്ന സുരക്ഷാ സാഹചര്യങ്ങളും ഭീഷണികളും ചർച്ച ചെയ്യുന്നതിനായി സൗദി, പാകിസ്താൻ, തുർക്കിയ എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ റിയാദിൽ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നു. നിലവിലുള്ള വെല്ലുവിളികൾക്കിടയിൽ നേരത്തെ ധാരണയായ ‘മക്ക പ്രതിരോധ സഖ്യ’ത്തിന് കീഴിലുള്ള കൂട്ടായ പ്രതിരോധ നടപടികൾ ഉടൻ നടപ്പിലാക്കാനും സൈനിക വിന്യാസം ഉറപ്പാക്കാനും മൂന്നു രാജ്യങ്ങളും തീരുമാനിച്ചു.
സഖ്യത്തിന്റെ സംഘടനാപരമായ ഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി പാകിസ്താനിലെ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നുമാൻ മഹ്മൂദിനെ മൂന്ന് വർഷത്തെ കാലാവധിയിലേക്ക് സഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറലായി യോഗം നിയമിച്ചു. നേരത്തെ പരസ്പരം ധാരണയായ സൈനിക വിഭാഗങ്ങളെയും സൈനിക ശേഷികളെയും സൗദിയിലേക്ക് വേഗത്തിൽ വിന്യസിക്കാനും രാജ്യങ്ങൾ തമ്മിൽ ധാരണയായി.
മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും സൗദിയിലെ നഗരങ്ങൾ, സാധാരണക്കാരുടെ കേന്ദ്രങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവക്കു നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെയും അംഗരാജ്യങ്ങൾ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും അതിർത്തികളുടെ സുരക്ഷിതത്വത്തിനുമെതിരായ ഏത് തരത്തിലുള്ള നീക്കങ്ങളെയും ഭീഷണിയെയും തങ്ങൾ പൂർണമായും തള്ളിക്കളയുന്നതായി അവർ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിരോധ-തന്ത്ര പ്രധാന മേഖല കളിൽ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കരാറിൽ ഓഗസ്റ്റ് 7 നാണ് സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ എന്നിവർ ഒപ്പുവെച്ചത്.
സൗദിയെയും രാജ്യത്തുള്ള വിശുദ്ധ സ്ഥലങ്ങളെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണങ്ങളെ നേരിടുന്നതിനും അത്തരം ആക്രമണങ്ങൾക്കും അവക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യവും ഏകീകൃത നിലപാടും അടിയന്തിര യോഗ ത്തിൽ ഉറപ്പിച്ചു പ്രഖ്യാപിച്ചതായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ 'എക്സ്' പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.
സൈനിക വിഭാഗങ്ങളുടെ സജ്ജീകരണവും ഏകോപനവും വർദ്ധിപ്പിക്കുക, ഭീഷണികളെ നേരിടാനും പ്രതിരോധിക്കാനുമുള്ള കൂട്ടായ ശേഷി മെച്ചപ്പെടുത്തുക എന്നിവയാണ് സംയുക്ത ലക്ഷ്യമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചു. രാഷ്ട്രീയ-സൈനിക കൂടിയാലോചനകളുടെ ഫലങ്ങൾ സമിതി അവലോകനം ചെയ്യുകയും, കൂട്ടായ പ്രതിരോധത്തോടും ഭീഷണികളോടുമുള്ള ഏകീകൃത പ്രതികരണ ത്തോടുമുള്ള സഖ്യത്തിന്റെ പ്രതിബദ്ധത ഉറപ്പുനൽകുന്ന ശുപാർശകൾക്ക് യോഗം അംഗീകാരം നൽകുകയും ചെയ്തു.
അംഗീകൃത ക്രമീകരണങ്ങൾക്കും അംഗ രാജ്യങ്ങളുടെ നിയമങ്ങൾക്കനുസൃതമായും സൈനിക വിഭാഗങ്ങളെ സൗദിയിൽ ലഭ്യമാക്കാനുമുള്ള കരാർ നിർദ്ദേശവും നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ഭീഷണികളെ നേരിടുന്നതിലും രാജ്യത്തെ സംരക്ഷിക്കുന്നതിലും സൗദി സായുധ സേന പ്രകടിപ്പിച്ച ജാഗ്രത, തയ്യാറെടുപ്പ്, പ്രൊഫഷണൽ മികവ്, കാര്യക്ഷമത എന്നിവയെ പാകിസ്താനും തുർക്കിയയും അഭിനന്ദിച്ചു. ഓരോ അംഗരാജ്യത്തിന്റെയും സുരക്ഷ തങ്ങളുടെ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ഈ മൂന്ന് രാജ്യങ്ങളും ആവർത്തിച്ച് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

