മെക് സെവൻ ഹെൽത്ത് ക്ലബിന് ജുബൈലിൽ തുടക്കം
text_fieldsജുബൈലിലെ മെക് സെവൻ ഹെൽത്ത് ക്ലബ് അംഗങ്ങൾ
ജുബൈൽ: നാട്ടിലും പ്രവാസലോകത്തും ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വ്യായാമ മുറയായ മെക് സെവന് ജുബൈലിലും തുടക്കം കുറിച്ചു. യോഗ, എയ്റോബിക്സ്, ഫിസിയോ തെറപ്പി, ഡീപ് ബ്രീത്തിങ്, അക്യുപ്രഷർ, ഫേസ് മസാജ് തുടങ്ങിയ ഏഴ് വ്യായാമങ്ങളുടെ ആനുപാതിക സങ്കലനമാണ് മെക് സെവൻ. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഹെൽത്ത് ക്ലബ് മാതൃകയിലാണ് എല്ലായിടത്തും പരിശീലനം നടക്കുന്നത്. സൗജന്യമായ പരിശീലനങ്ങൾക്ക് ക്ലബിലെ ഒരാൾ നേതൃത്വം നൽകും. 2012ൽ കൊണ്ടോട്ടി സ്വദേശിയും മുൻ സൈനികനുമായ ക്യാപ്റ്റൻ സലാഹുദ്ദീനാണ് മെക് സെവന് രൂപം കൊടുക്കുന്നത്.
ശാരീരികവും മാനസികവുമായ ഉല്ലാസം നൽകുന്ന മെക് സെവനിൽ പങ്കെടുക്കാൻ നിരവധി ആളുകളാണ് ഓരോ ദിവസവും എത്തുന്നത്. ജോലിക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ അരമണിക്കൂർ നേരത്തേക്കാണ് ഇത് തയാറാക്കിയിട്ടുള്ളത്.
തിരക്കുപിടിച്ച ജീവിതത്തിനടിയിൽ ജീവിതശൈലീ രോഗങ്ങളിൽനിന്നും മോചനം നേടി മാനസികവും ശാരീരികവുമായ ഉന്മേഷം നേടാനും ശാരീരിക വേദനകളിൽനിന്നും രക്ഷനേടാനും മെക് സെവൻ മുന്നോട്ടു വെക്കുന്ന ദൈർഘ്യം കുറഞ്ഞ ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഓരോ ഇനവും അഭ്യസിക്കുന്നതിന് മുമ്പേ ഓരോ വ്യായാമ മുറയും പൂരകമായ ശ്വസനക്രിയയും ലീഡർ കൃത്യമായി അവതരിപ്പിച്ച് കാണിക്കും.
21 ഇനങ്ങളുള്ള മെക് സെവൻ പ്രോഗ്രാം പരിശീലനം ജംപിങ് ജാക്സിൽ ആരംഭിച്ച് കൈയടിയോടെയാണ് അവസാനിക്കുന്നത്. ഓർമ വർധിപ്പിക്കാനും പേശീബലത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടാനും മെക് സെവൻ സഹായിക്കുമെന്ന് പരിശീലകർ പറഞ്ഞു. നാട്ടിലും മെക് സെവന് ആരാധകർ ഏറെയാണ്. ജാതി-മത-രാഷ്ട്രീയ-പ്രായ ഭേദമെന്യേ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
ജുബൈലിൽ ഫിഷ് മാർക്കറ്റിന് സമീപമുള്ള പാർക്കിലാണ് മെക് സെവൻ ആരംഭിച്ചിട്ടുള്ളത്. കൂടുതൽ ആളുകൾ എത്തുന്നതോടെ സൗകര്യ പ്രദമായ മറ്റിടങ്ങളിലേക്കും മെക് സെവനെ വ്യാപിപ്പിക്കുമെന്ന് ക്ലബ് അംഗങ്ങൾ പറഞ്ഞു.
പ്രവാസികളായ സ്ത്രീകൾക്കും സെഷനുകളിലൂടെ ആരോഗ്യപ്രദമായ ജീവിതം നയിക്കാൻ സാധിക്കുമെന്ന് അംഗങ്ങൾ കൂട്ടിച്ചേർത്തു. വ്യായാമത്തിനുശേഷം പ്രാതൽ കഴിച്ചും തമാശകൾ പറഞ്ഞുമൊക്കെ സൗഹൃദം പരത്തുന്ന പോസിറ്റിവ് വൈബുമായാണ് എല്ലാവരുടെയും മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

