പാരിസ്ഥിതിക നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി
text_fieldsനിരോധിത മേഖലകളിൽ കാലികളെ മേയ്ക്കുന്നതിനെതിരെ നടപടികളെടുക്കാൻ പരിസ്ഥിതി സുരക്ഷാസേന രംഗത്തിറങ്ങിയപ്പോൾ
യാംബു: പരിസ്ഥിതി നാശത്തിനിടയാക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ കന്നുകാലികളെ മേയ്ച്ചതിന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 19 പേരെ അറസ്റ്റ് ചെയ്തു.
16 സ്വദേശി പൗരന്മാരും മൂന്നു സുഡാനി പൗരന്മാരുമാണ് പിടിയിലായത്. ഇത്തരത്തിൽ നിരോധിത മേഖലകളിൽ കടന്ന 451 ഒട്ടകങ്ങളെയും 35 ആടുകളെയും പിടികൂടിയിട്ടുണ്ട്. അതീവ പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ കാലികളെ മേയ്ക്കുന്നതിന് നിരോധനമുണ്ട്.
നിരോധിത മേച്ചിൽസ്ഥലങ്ങളിൽ കാലികളെ കണ്ടാൽ ഉടമകൾക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും അതിലൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പാരിസ്ഥിതിക സുരക്ഷക്കുള്ള പ്രത്യേക സേന മുന്നറിയിപ്പ് ആവർത്തിച്ചു.
മേച്ചിൽസ്ഥലങ്ങളിലല്ലാതെ കാലികളെ മേയ്ച്ചാൽ ആദ്യ തവണ 500 റിയാലാണ് പിഴ. കന്നുകാലികളുടെ എണ്ണമനുസരിച്ച് ഓരോന്നിനും 200 റിയാൽ വീതവും പിഴ ചുമത്തും. പൊതുജനങ്ങളെ ഈ വിഷയത്തിൽ ബോധവത്കരിക്കാൻ കാമ്പയിൻ നടത്തിയിരുന്നു. പാരിസ്ഥിതിക നിയമ ലംഘനം നടത്തുന്നവരെ കുറിച്ച് ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

